ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ. കെ.കെ. ജോർജ്ജ്‌ അന്തരിച്ചു

കൊച്ചി: പ്രശസ്‌ത  സാമ്പത്തികശാസ്‌ത്രജ്ഞൻ പ്രൊഫ. കെ.കെ. ജോർജ്ജ്‌ (82) അന്തരിച്ചു. കേരള വികസനാനുഭവങ്ങളുടെ ഭാവി പാത സംബന്ധിച്ച് പ്രവചനാത്മകമായ ഉൾക്കാഴ്ചയോടെ ജാഗ്രതപ്പെടുത്തിയ സാമ്പത്തിക ശാസ്ത്ര പണ്ഡിതനായിരുന്നു പ്രൊഫ. കെ.കെ. ജോർജ്ജ്. പബ്ലിക്ക് ഫിനാൻസിലും കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലും രാജ്യത്തെ ഏറ്റവും പ്രമുഖ വിദഗ്ധരിൽ ഒരാളായിരുന്നു അദ്ദേഹം. “കേരള വികസനമാതൃകയുടെ പരിമിതികൾ” (Limits to Kerala Model of Development) എന്ന അദ്ദേഹത്തിന്റെ പുസ്തകം എറെ ശ്രദ്ധ നേടിയിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ  വ്യാഴാഴ്‌ച രാത്രി 8.45 ഓടെയാണ്‌ പ്രൊഫ. ജോർജ് അന്തരിച്ചത്.  കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-എക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിന്റെ (സിഎസ്‌ഇഎസ്‌) ചെയർമാനാണ്.  
ആലുവ യുസി കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം കൊച്ചി സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ അധ്യാപകനായി ജോലി ആരംഭിച്ച പ്രൊഫ. ജോർജ് എസ്ബിഐയിലും തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ് വിസിറ്റിങ് ഫെലോ ആയും പ്രവർത്തിച്ചു. കൊച്ചി സർവ്വകലാശാലയിൽ സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടറായി 2000ൽ വിരമിച്ചു.  
മരണാനന്തര ശുശ്രൂഷ ചടങ്ങുകൾ ഓഗസ്റ്റ് 12 (വെള്ളിയാഴ്ച) വൈകിട്ട് 3ന് ആലുവ തോട്ടക്കാട്ടുകരയിലെ ഐശ്വര്യ ലെയിനിലുള്ള സ്വവസതിയിൽ ആരംഭിക്കും. സംസ്ക്കാരം സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയൻ ചർച്ച്, യു.സി. കോളേജ്.

പഠിച്ചിട്ട് മാത്രം അഭിപ്രായം പറയുന്ന ധിഷണാശാലി

(ഇന്നലെ അന്തരിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ. കെകെ ജോർജിനെക്കുറിച്ച് എസ് ശ്രീകണ്ഠൻ എഴുതിയ ഓർമ്മക്കുറിപ്പ്)

ജോർജ് സാറിനെക്കുറിച്ച് എന്തെങ്കിലും എഴുതണം. ഇന്നലെ എന്നെ ദൈവം ഓർമ്മിപ്പിച്ചു. ജോസ് സെബാസ്റ്റ്യൻ എഫ്ബി യിൽഎഴുതിയ കുറിപ്പ് ദൈവത്തിൻ്റെ കുറിമാനം പോലെ ആ ചിന്തയ്ക്ക് നിമിത്തമായി. ഇന്ന് നേരം വെളുത്തപ്പോൾ അദ്ദേഹത്തിൻ്റെ മരണ വാർത്ത. പബ്ളിക് ഫിനാൻസിൻ്റെ തലതൊട്ടപ്പനാണ് ഡോ.കെ കെ ജോർജ് എന്ന സാമ്പത്തിക വിദഗ്ധൻ. ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയ്ക്ക് ഞാൻ അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നു. പല വിഷയങ്ങളും ചർച്ചയിൽ വരും. പലതിനും അദ്ദേഹം മറുപടി പറയില്ല. ഞാൻ പഠിച്ചിട്ട് പറയാമടോ എന്ന വാക്കിൽ ഒതുക്കും. ചാടിപ്പിടിച്ച് ഒന്നിലും അഭിപ്രായം പറയില്ല. സാമ്പത്തിക ആസൂത്രണത്തിലും പദ്ധതി നടത്തിപ്പിലും ഒക്കെ അഗാധ പാണ്ഡിത്യമുള്ള ഈ മനുഷ്യനെ ടെലിവിഷൻ ചാനലുകളിലൊന്നും കാണുന്നില്ലല്ലോ എന്ന സന്ദേഹം ഒരിക്കൽ അദ്ദേഹത്തോട് ഞാൻ പങ്കുവെച്ചു. എനിക്ക് വാദകോലാഹലങ്ങൾ അലർജിയാണ് എന്നായിരുന്നു മറുപടി. ഫെഡറൽ സംവിധാനവും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും . ഡോ. ഐ എസ് ഗുലാത്തിയുമായി ചേർന്ന് നടത്തിയ പoനങ്ങൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.Kerala’s Fiscal crisis. A Diagnosis എന്ന ജോർജ് സാറിൻ്റെ ഗവേഷണ പ്രബന്ധം 90 കളിൽ തന്നെ സജീവ ചർച്ചയായിരുന്നു. ഒരു ഗവേഷണ സ്ഥാപനം കെട്ടിപ്പടുക്കുക അദ്ദേഹത്തിൻ്റെ സ്വപ്നം. കൊച്ചിയിലെ സെൻ്റർ ഫോർ സോഷ്യോ എക്കണോമിക് & എൻവയോൺമെൻറൽ സ്റ്റഡീസ് അങ്ങനെ പൂവിട്ട് തളിർത്തു. ആത്മകഥ A Journey of My Life കറൻ്റ് ബുക്സ് പ്രസിദ്ധീകരിച്ചു വെന്ന് ജോസ് സെബാസ്റ്റ്യൻ ഓർമ്മിപ്പിക്കുന്നു. മലയാള പരിഭാഷയുടെ ടിപ്പണി നടക്കുന്നുവത്രെ. ഇന്നലെ അദ്ദേഹത്തെ ഓർക്കാൻ ആരാവും എന്നെ പ്രേരിപ്പിച്ചിരിക്കുക?. എന്തോ ഒരു ആത്മ ബന്ധം ഉണ്ടായിരുന്നിരിക്കണം. സ്വാസ്ഥ്യം ഗുരോ… പ്രണാമം.

X
Top