
ന്യൂഡല്‍ഹി: സജീവമായ ഇഎസ്ജി (പരിസ്ഥിതി, സാമൂഹിക, ഭരണം) ചട്ടക്കൂടുള്ള ആഭ്യന്തര കമ്പനികള്‍, പാന്‍ഡെമിക് ആഘാതങ്ങള്‍ ചെറുക്കുന്നതില്‍ ആഗോള സമകാലീനരേക്കാള്‍ മികവ് പുലര്‍ത്തി. 18 സമ്പദ് വ്യവസ്ഥകളില്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നടത്തിയ പഠനമാണ് ഇക്കാര്യം വെളിവാക്കുന്നത്. ബ്രസീല്‍, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, മലേഷ്യ, റഷ്യ, ദക്ഷിണാഫ്രിക്ക, തായ്വാന്, തായ്ലന്ഡ് എന്നീ വളര്‍ന്നുവരുന്ന 10 രാജ്യങ്ങളെയും ഓസ്ട്രേലിയ, ബ്രിട്ടന്, കാനഡ, ഹോങ്കോംഗ്, ജപ്പാന്, സ്വീഡന്, സ്വിറ്റ്സര്‍ലന്‍ഡ്, യു.എസ്. എന്നീ എട്ട് വികസിത സമ്പദ്വ്യവസ്ഥകളേയും അടിസ്ഥാനമാക്കിയാണ് വിശകലനം.
വരുമാനം
ഇഎസ്ജി കമ്പനികളുടെ വരുമാന സൂചികയില്‍ ചൈന, തായ് വാന്‍ ഒഴികെയുള്ള രാജ്യങ്ങളേക്കാള്‍ ഇന്ത്യ ബഹുദൂരം മുന്നിലാണ്. പ്രതിമാസ ഇഎസ്ജി റിട്ടേണുകളുടെ വിശകലനം സൂചിപ്പിക്കുന്നത് ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ വരുമാനം നേടി എന്നതാണ്. മഹാമാരി ആഘാതത്തിന് ശേഷം ഇഎസ്ജി കമ്പനികള്‍ പല സമ്പദ് വ്യവസ്ഥകളിലും മറ്റ് കമ്പനികളെ മറികടന്നു.
ഇതില്‍ തന്നെ ഇന്ത്യയാണ് ഒന്നാമത്. വിശാല സൂചികകളിലെ നഷ്ടസാധ്യതയുമായി ഇഎസ്ജി സൂചിക പൊരുത്തപ്പെടുന്നു. വികസിത രാഷ്ട്രങ്ങളിലേതിനെ അപേക്ഷിച്ച് വികസ്വര രാഷ്ട്രങ്ങളിലെ ഇഎസ്ജി കമ്പനികള്‍ കൂടുതല്‍ നഷ്ട സാധ്യത നേരിടുന്നുണ്ട്.
അതേസമയം അസ്ഥിരത, വികസിത രാഷ്ട്രങ്ങളില്‍ കൂടുതലാണ്. എല്ലാ രാജ്യങ്ങളിലും ഇഎസ്ജി സൂചിക വിശാല സൂചികകളേക്കാള്‍ മികച്ച പ്രകടനമാണ് നടത്തിയത്. 2010 മുതല്‍ ഇതാണ് പ്രവണത.
ആ വര്‍ഷം തൊട്ടാണ് ഇഎസ്ജി ആശയം ചര്‍ച്ചയാകാന്‍ തുടങ്ങിയത് എന്ന കാര്യം ശ്രദ്ധേയമാണ്.
ഓഹരി പ്രകടനം
കാലാവസ്ഥ, സാമൂഹിക കാഴ്ചപ്പാടുള്ള കമ്പനികള്‍ക്ക് സ്വീകാര്യത നല്കാന് നിക്ഷേപകര്‍ തയ്യാറാകുന്നു. ഇന്ത്യന്‍ ഇഎസ്ജി കമ്പനികളുടെ വാര്‍ഷിക റിട്ടേണ്‍ പ്രവചിച്ചതിനേക്കാള്‍ 4 ശതമാനം കൂടുതലായി.ചൈന, ഹോങ്കോങ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഒന്നാമത്.
വിപണി കുതിച്ചുചാട്ടം നടത്തുമ്പോഴും ചാഞ്ചാട്ടം കുറവുള്ളതും ഇന്ത്യന്‍ ഓഹരികളിലാണ്. മഹാമാരി ആഘാതങ്ങള്ക്കിയില് ഇന്ത്യന്‍ വിപണിയുടെ ചാഞ്ചാട്ടം 74 ശതമാനത്തിലൊതുങ്ങിയപ്പോള് ആഗോള ശരാശരി 86 ശതമാനം. മൊത്തത്തില്‍ ഇന്ത്യന്‍ ഇഎസ്ജി സൂചികയുടെ ചാഞ്ചാട്ടം 78 ശതമാനമാണ്.
രണ്ടാമത്തെ കുറവ്. ഏറ്റവും കുറവ് ഹോങ്കോങ്ങിലാണ്. 74 ശതമാനം.
ബ്രസീലില്‍ ഇത് 95 ശതമാനവും ചൈന (85), ഇന്തോനേഷ്യ (95) ദക്ഷിണ കൊറിയ (79), മലേഷ്യ (85), റഷ്യ (87), ദക്ഷിണാഫ്രിക്ക (87), തായ്വാന് (84) തായ്ലന്ഡ് (81) ഓസ്ട്രേലിയ (86) ,ബ്രിട്ടന് (89), കാനഡ (82), ഹോങ്കോങ് (74), ജപ്പാന് (91), സ്വീഡന് (91), സ്വിറ്റ്സര്‍ലന്‍ഡ് (95), യുഎസ്- 91 ശതമാനം എന്നിങ്ങനെയാണ്. ആപേക്ഷ വളര്‍ച്ചയുടെ കാര്യമെടുക്കുകയാണെങ്കിലും ഇന്ത്യന്‍ ഇഎസ്ജി കമ്പനികള്‍ മുന്നിലെത്തി. ഇഎസ്ജി സംബന്ധമായ അപകട സാധ്യതകള്‍ കൈകാര്യം ചെയ്യുന്ന കമ്പനികളുടെ ഓഹരികള്‍ അങ്ങനെയല്ലാത്തവയുമായി തട്ടിച്ചുനോക്കുമ്പോള്‍ മികച്ച പ്രകടനമാണ് നടത്തുന്നത്.