ന്യൂഡൽഹി: ഇന്ത്യയുടെ സേവനമേഖലയിലെ വളര്‍ച്ച ജൂലൈയില്‍ അല്‍പ്പം മന്ദഗതിയിലായി. എന്നാല്‍ പൊതുവായ വിലയിരുത്തലില്‍ സേവനമേഖല മികച്ച നിലയിലാണ്.
ടെക്നോളജിയിലും ഓണ്‍ലൈന്‍ ഓഫറുകളിലും ശക്തമായ ഡിമാന്‍ഡും നിക്ഷേപവും മേഖലയെ പിന്തുണയ്ക്കുന്നതായി ഏറ്റവും പുതിയ എച്ച്എസ്ബിസി ഇന്ത്യ സര്‍വീസസ് ബിസിനസ് ആക്ടിവിറ്റി ഇന്‍ഡക്സ് പറയുന്നു.
കാലാനുസൃതമായി ക്രമീകരിച്ച എച്ച്എസ്ബിസി ഇന്ത്യ സര്‍വീസസ് ബിസിനസ് ആക്ടിവിറ്റി സൂചിക ജൂണില്‍ 60.5ല്‍ നിന്ന് 60.3 ആയി കുറഞ്ഞു. വളര്‍ച്ചയില്‍ മാന്ദ്യം ഉണ്ടായപ്പോള്‍, തുടര്‍ച്ചയായ മുപ്പത്തിയാറാം മാസവും ബിസിനസ്സ് പ്രവര്‍ത്തനം 50.0 എന്ന നിഷ്പക്ഷ മാര്‍ക്കിന് മുകളിലാണ്.
”സാങ്കേതികവിദ്യയിലെ നിക്ഷേപം, ഓണ്‍ലൈന്‍ ഓഫറുകള്‍, പുതിയ ബിസിനസ് നേട്ടങ്ങള്‍, മികച്ച ഡിമാന്‍ഡ് എന്നിവയാണ് വളര്‍ച്ചയുടെ പ്രധാന പ്രേരകങ്ങളായി സര്‍വേയില്‍ പ്രതികരിച്ചവര്‍ ഉദ്ധരിച്ചത്,” റിപ്പോര്‍ട്ട് പറയുന്നു.
പുതിയ ഓര്‍ഡറുകള്‍ അതിവേഗത്തില്‍ വര്‍ധിച്ചു. സര്‍വേ പാനലിലെ ഏകദേശം 30 ശതമാനം പേരും അടുത്ത 12 മാസത്തിനുള്ളില്‍ കൂടുതല്‍ ഉല്‍പാദന അളവ് പ്രവചിക്കുന്നുണ്ട്. 2 ശതമാനം പേര്‍ മാത്രമാണ് ഇടിവ് പ്രതീക്ഷിക്കുന്നത്.
ഓസ്ട്രിയ, ബ്രസീല്‍, ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, നെതര്‍ലാന്‍ഡ്സ്, യുഎസ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന കയറ്റുമതി ഓര്‍ഡറുകളോടെ, അന്താരാഷ്ട്ര വില്‍പ്പനയില്‍ ഏകദേശം പത്ത് വര്‍ഷത്തിനിടയിലെ മൂന്നാമത്തെ വേഗത്തിലുള്ള വിപുലീകരണം ഈ അവസരത്തില്‍ കണ്ടതായി റിപ്പോര്‍ട്ട് പറയുന്നു.