
ഇറാൻ സംഘർഷവും, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തടസ്സങ്ങളും കാരണം ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി വൈവിദ്ധ്യവൽക്കരിക്കുന്നതായി കണക്കുകൾ. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോഗ രാജ്യമായ ഇന്ത്യ, ലാറ്റിൻ അമേരിക്കയിൽ നിന്ന് കൂടുതൽ അസംസ്കൃത എണ്ണ എത്തിക്കുന്നതായി ഷിപ് ട്രാക്കിങ് ഏജൻസിയായ ‘കെപ്ലർ’ നൽകുന്ന ഷിപ് ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു.
വെനസ്വേലയുടെ ഹെവി ക്രൂഡ് വലിയ വിലക്കുറവിൽ ലഭിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് നേട്ടമാണ്. ഇവ പ്രൊസസ് ചെയ്യാൻ ശേഷിയുള്ള സങ്കീർണമായ റിഫൈനറികൾ ഇന്ത്യയിലുണ്ട്. ചൈനയുടെ റഷ്യൻ ഇന്ധന ഇറക്കുമതി വർധിക്കുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്ന സാഹചര്യത്തിലാണ് വെനസ്വേലയിലെ ക്രൂഡ് ഇത്തരത്തിൽ നേട്ടമായി മാറുന്നത്
കണക്കുകൾ പ്രകാരം ഈ ആഗസ്റ്റിൽ വെനസ്വേലയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതിയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തിൽ വെനസ്വേല ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഇറക്കുമതി നടത്തുന്ന നാലാമത്തെ വലിയ രാജ്യമായി മാറി.
വെനസ്വേലയിൽ നിന്നുള്ള ഇന്ധന വിതരണം പ്രതിദിനം ഏകദേശം 4,44,000 ബാരലിൽ എത്തി നിൽക്കുകയാണ്. ഇത് ഇറാഖ് (1,18,000 bpd), അമേരിക്ക (1,53,000 bpd) എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയേക്കാൾ കൂടുതലാണ്.യു.എസ് ഉപരോധങ്ങളിൽ ഇളവ് ലഭിച്ചതിനെ തുടർന്ന് ഏപ്രിൽ മാസത്തിൽ വെനസ്വേലയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ പുനരാരംഭിച്ചിരുന്നു. ഇതിന് ശേഷം ഇന്ത്യയുടെ എണ്ണ വിതരണ ശൃംഖലയിൽ ആ രാജ്യത്തിന്റെ പങ്കാളിത്തം വേഗത്തിൽ ഉയരുകയാണ്.
പശ്ചിമേഷ്യൻ റൂട്ടുകളിലെ സുരക്ഷാ ഭീഷണിയുംസ ചരക്കുകൂലിയുടെ വർദ്ധനവും കാരണം റിലയൻസ് ഇൻഡസ്ട്രീസ്, നയാര എനർജി തുടങ്ങിയ ഇന്ത്യൻ റിഫൈനറികൾ വെനസ്വേല, ബ്രസീൽ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ക്രൂഡോയിൽ പർച്ചേസ് വർധിപ്പിച്ചു.
അതേ സമയം റഷ്യൻ എണ്ണയെ ഇന്ത്യ വലിയ തോതിൽ ആശ്രയിക്കുന്നത് തുടരുന്നുമുണ്ട്. ആഗസ്റ്റിൽ പ്രതിദിനം ഏകദേശം 20 ലക്ഷം ബാരലുകളുമായി റഷ്യ തന്നെയാണ് ഇന്ത്യയുടെ പ്രധാന എണ്ണ ഇറക്കുമതി രാജ്യമായി തുടരുന്നത്.
വെനസ്വേലയിൽ നിന്ന് ലഭിക്കുന്നത് പ്രധാനമായും ഹെവി ക്രൂഡോയിൽ ഗ്രേഡുകളാണ്. ഇവ സംസ്കരിക്കാൻ കൂടുതൽ സങ്കീർണ്ണമായ സാങ്കേതികവിദ്യ ആവശ്യമുള്ളതിനാൽ, ആഗോള വിപണിയിൽ വിലക്കുറവിൽ ലഭിക്കും.
ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് റിഫൈനറി, വഡിനാറിലുള്ള നയാര എനർജി എന്നീ വൻകിട ഇന്ത്യൻ റിഫൈനറികൾക്ക് ഇത്തരം ഹെവി ക്രൂഡ് ഉയർന്ന കാര്യക്ഷമതയോടെ സംസ്കരിച്ച് പെട്രോളും ഡീസലുമാക്കാനുള്ള ശേഷിയുണ്ട്.






