മുംബൈ: യുപിഐയുമായി ബന്ധിപ്പിച്ച ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള പണം ചെലവഴിക്കൽ 10,000 കോടി രൂപ കടന്നു. ഇതിൽ 100 മുതൽ 200 കോടി രൂപവരെയുള്ളത് ക്രെഡിറ്റ് ലൈൻ ചെലവാക്കലുകളാണെന്ന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വ്യക്തമാക്കി.
യുപിഐയിൽ ലഭിക്കുന്ന ചെറു തുകകളുടെ വായ്പകളാണ് ക്രെഡിറ്റ് ലൈൻ. നിലവിൽ ഐസിഐസിഐ ബാങ്കാണ് യുപിഐ ക്രെഡിറ്റ് ലൈൻ വിതരണത്തിൽ മുന്നിലെന്ന് എൻപിസിഐ എംഡിയും സിഇഒയുമായ ദിലീപ് അസ്ബെ ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
ക്രെഡിറ്റ് കാർഡ് യുപിഐ ചെലവാക്കലുകളിൽ ക്രെഡിറ്റ് ലൈനിന്റെ വിഹിതം നിലവിൽ കുറവാണ്. എന്നാൽ, ഇത് മെല്ലെ കൂടിവരുന്നതായും അദ്ദേഹം പറഞ്ഞു.
ജൂലൈയിൽ യുപിഐ വഴി 20.64 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഇന്ത്യക്കാർ നടത്തിയത്. ഇത് റെക്കോർഡാണ്. ജൂണിൽ 20.07 ലക്ഷം കോടി രൂപയായിരുന്നു.