
മുബൈ: വിദേശനാണയ ശേഖരത്തിലെ ഇടിവ് തടയാനും രൂപയെ രക്ഷിക്കാനും റിസർവ് ബാങ്ക് നടപ്പാക്കിയ ഫോറിൻ കറൻസി നോൺ-റസിഡന്റ് ബാങ്ക് (എഫ്സിഎൻആർബി) പദ്ധതിയിലെ ഇളവ് നീട്ടിയില്ല. നേരത്തെ പ്രഖ്യാപിച്ച സെപ്റ്റംബർ 30നു തന്നെ പദ്ധതി അവസാനിക്കും.
ഇളവ് നീട്ടാനുള്ള പ്രഖ്യാപനം ഇക്കുറി പണനയത്തിലുണ്ടാകുമെന്ന് കരുതിയെങ്കിലും റിസർവ് ബാങ്ക് ഒന്നും പറഞ്ഞില്ല. എന്നുവച്ചാൽ കൂടിയ പലിശനേട്ടം സ്വന്തമാക്കിക്കൊണ്ട് എഫ്സിഎൻആർ (ബി) നിക്ഷേപം നടത്താനുള്ള അവസരം സെപ്റ്റംബർ 30നു തന്നെ അവസാനിക്കും. അതുകഴിഞ്ഞാൽ സാധാരണ ലഭിച്ചിരുന്ന 3.5-4 ശതമാനം പലിശയിലേക്ക് മടങ്ങും.
അതേസമയം, എഫ്സിഎൻആർ (ബി) പദ്ധതിയിലെ ഇളവ് കാലാവധി എത്താതെ അവസാനിപ്പിക്കില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത് രാജ്യത്തിന്റെ വിദേശനാണയ ശേഖരം വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. കാലാവധി തീരുംമുൻപ് പദ്ധതി അവസാനിപ്പിക്കാനും ഉദ്ദേശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിക്ഷേപം ഇങ്ങനെ
പൊതുമേഖലാ ബാങ്കുകളേക്കാൾ സ്വകാര്യ ബാങ്കുകളിലേക്കാണ് എഫ്സിഎൻആർ വഴി ഏറ്റവും കൂടുതൽ നിക്ഷേപങ്ങൾ എത്തിയത്. ലണ്ടൻ ആസ്ഥാനമായ എച്ച്എസ്ബിസിയാണ് മുന്നിൽ. റിസർവ് ബാങ്കിന്റെ ഇളവ് ലഭിച്ച ജൂൺ 5 മുതൽ ജൂലൈ 31 വരെ 614 കോടി ഡോളറാണ് ബാങ്കിനു കിട്ടിയത്. മറ്റൊരു വിദേശ ബാങ്കായ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് 185 കോടി ഡോളറിന്റെ നിക്ഷേപവും സ്വീകരിച്ചു. 412 കോടി ഡോളറുമായി എസ്ബിഐ രണ്ടാം സ്ഥാനത്തുണ്ട്. 370 കോടി ഡോളറുമായി ഐസിഐസിഐ ബാങ്കാണ് മൂന്നാം സ്ഥാനത്ത്.
സ്വകാര്യ ബാങ്കുകൾ 1073 കോടി ഡോളറാണ് ഇതുവരെ സമാഹരിച്ചത്. പൊതുമേഖല ബാങ്കുകൾക്ക് 884 കോടി ഡോളറും ലഭിച്ചു. ആദ്യ 58 ദിവസങ്ങൾക്കുള്ളിൽ ബാങ്കുകളിൽ എത്തിയത് 3672 കോടി ഡോളർ ആണെന്നാണ് റിസർവ് ബാങ്കിന്റെ കണക്ക്. ജൂൺ 5 മുതൽ ജൂലൈ 31 വരെയുള്ള കണക്കാണിത്.
ഇളവ് നീട്ടരുത്, നേരത്തെ നിർത്തണം
അതേസമയം, എഫ്സിഎൻആർ(ബി) നിക്ഷേപങ്ങൾക്ക് നൽകിയിരിക്കുന്ന ഇളവ് സെപ്റ്റംബർ 30ന് ശേഷം നീട്ടരുതെന്ന ആവശ്യവും ചില കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. ഇളവ് കാലാവധിക്കു മുൻപ് തന്നെ അവസാനിപ്പിക്കണമെന്ന് അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഹീലിയോസ് സ്ഥാപകൻ സമീർ അറോറ ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തിൽ ഇത്തരം നിക്ഷേപങ്ങൾ 8000-9000 ഡോളർ വരെ എത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ 6000 ഡോളറിലെത്തുമ്പോൾ റിസർവ് ബാങ്ക് ഇളവ് പിൻവലിക്കണം. പ്രതിസന്ധിയുണ്ടാകുമ്പോൾ അതിവേഗത്തിൽ ഇന്ത്യയ്ക്ക് ഡോളർ സമാഹരിക്കാൻ കഴിയുമെന്ന സന്ദേശം ഇതിലൂടെ ലോകത്തിന് നൽകാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.
ഇപ്പോൾ സ്വീകരിക്കുന്ന നിക്ഷേപങ്ങളുടെ കാലാവധിയെത്തുമ്പോൾ അവ തിരികെ നൽകാൻ പ്രത്യക ഫണ്ട് രൂപീകരിക്കുന്നത് നല്ലതാണെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു.
എന്താണ് എഫ്സിഎൻആർ(ബി)
പ്രവാസികൾക്ക് ഡോളർ അടക്കമുള്ള വിദേശ കറൻസികളിൽ തന്നെ ഇന്ത്യയിലെ ബാങ്കുകളിൽ നിക്ഷേപം നടത്താവുന്ന സംവിധാനമാണിത്. നിക്ഷേപങ്ങൾ വിദേശ കറൻസി രൂപത്തിൽ തന്നെ അക്കൗണ്ടിൽ സൂക്ഷിക്കാനും പറ്റും. പലിശയും വിദേശ കറൻസിയിൽ തന്നെ കിട്ടും.
കാലാവധി തീരുമ്പോൾ വിദേശ കറൻസിയിൽ തന്നെ നിക്ഷേപം പിൻവലിക്കാനും പറ്റും. പ്രവാസികൾക്ക് നിക്ഷേപം വിദേശ കറൻസിയിൽ തന്നെ നിലനിർത്താനും നികുതിയില്ലാത്ത വരുമാനം നേടാനുമുള്ള സുവർണാവസരമാണിതെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു






