
കൊച്ചി: രാജ്യത്തെ കാപ്പി കയറ്റുമതിയിലെ കുതിപ്പ് തുടരുന്നു. നടപ്പു സാമ്പത്തിക വർഷം ഫെബ്രുവരി വരെയുള്ള 11 മാസക്കാലയളവിൽ കയറ്റുമതിയിൽ 40 ശതമാനമാണ് വർധന. ഈ കാലയളവിൽ 154 കോടി ഡോളറിന്റെ കാപ്പിയാണ് വിവിധ രാജ്യങ്ങളിലേക്കായി കയറ്റി അയച്ചത്.
മുൻ വർഷം ഇതേ കാലയളവിൽ കയറ്റുമതി 110 കോടി ഡോളറായിരുന്നു. രൂപയുടെ അടിസ്ഥാനത്തിൽ, 2024 ഏപ്രിൽ മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ കയറ്റുമതി 43.37 ശതമാനം വർധിച്ച് 1,3004.75 കോടി രൂപയിലെത്തി.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഫെബ്രുവരിയിൽ മാത്രം 17.86 കോടി ഡോളറാണ് കയറ്റുമതി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലേതിനെക്കാൾ 22 ശതമാനമാണ് വർധന. ഏറ്റവും കൂടുതൽ കാപ്പി കയറ്റുമതി ചെയ്യുന്നത് ഇറ്റലിയിലേക്കാണ്. ജർമനി, റഷ്യ, ബെൽജിയം, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.
കാപ്പി ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളാണ് ബ്രസീൽ, വിയറ്റ്‌നാം എന്നിവ. കാലാവസ്ഥ വ്യതിയാനം ഉത്പാദനം കുറച്ചു. അതിനാൽ ഈ രാജ്യങ്ങളിൽ കാപ്പിവില ഉയരത്തിലാണ്.
ഉത്പാദനം ഉയർത്തും
രാജ്യത്ത് കാപ്പിയുടെ ഉത്പാദനം ഉയർത്തുന്നതിനായി നിരവധി പദ്ധതികൾ കോഫി ബോർഡ് നടപ്പിലാക്കി വരുന്നുണ്ട്. ഗുണനിലവാരമുള്ള കാപ്പി ഉത്പാദിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.
ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് കോഫി ബോർഡ് അറിയിച്ചു
കഴിഞ്ഞ സാമ്പത്തിക വർഷം മൊത്തം 3.63 ലക്ഷം ടണ്ണായിരുന്നു രാജ്യത്തെ ഉത്പാദനം.
ഇതിൽ 70 ശതമാനം കർണാടകയുടെയും 20.6 ശതമാനം കേരളത്തിന്റെയും 5.4 ശതമാനം തമിഴ്‌നാടിന്റെയും സംഭാവനയാണ്.
ആഭ്യന്തര വിപണിയിൽ കാപ്പി സംസ്‌കാരം കൂടിയിട്ടുണ്ട്. ചായ മാത്രമല്ല കാപ്പി കുടിക്കുന്നതിലേക്കും ആളുകൾ മാറിയിട്ടുണ്ട്. ഇത് ആഭ്യന്ത ഉപഭോഗം ഉയർത്തിയിട്ടുണ്ട്.