
കോട്ടയം: റബര്‍ ഉപയോഗം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13,14,000 ടണ്ണിലേക്ക് കുതിച്ചുയര്‍പ്പോള്‍ ആഭ്യന്തര ഉത്പാദനത്തില്‍ ഗണ്യമായ ഇടിവെന്നു സൂചന. ഫെബ്രുവരി വരെ ആകെ ഉത്പാദനം 8.59 ലക്ഷം ടണ്ണാണ്. 2024-25ല്‍ ആകെ ഉത്പാദനം 8.75 ലക്ഷം ടണ്ണായിരുന്നു. നിലവില്‍ പുറത്തുവന്ന കണക്കനുസരിച്ച് പതിനയ്യായിരം ടണ്ണിന്‍റെ ഉത്പാദന ഇടിവാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം പോയ വര്‍ഷം ഫെബ്രുവരി വരെ ഷീറ്റ്, ക്രംബ് ഇറക്കുമതി 4,30,932 ടണ്ണാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് ഇന്ത്യയിലെ ടയര്‍ കമ്പനികള്‍ ഉള്‍പ്പെടെ റബര്‍ വ്യവസായികള്‍ ഉപയോഗത്തിന്‍റെ മൂന്നിലൊന്നും വിദേശത്തുനിന്ന് കൊണ്ടുവരുന്നു. അഞ്ചു ശതമാനം നികുതി അടച്ചും നികുതി ഇല്ലാതെയുമായി മൂന്നര ലക്ഷം ടണ്ണോളം കോമ്പൗണ്ട് റബറും കഴിഞ്ഞ വര്‍ഷം വ്യവസായികള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്.
ഡിമാന്‍ഡ് ഇത്രയേറെ ഉയര്‍ന്നിട്ടും കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ക്ക് ലഭിച്ച ശരാശരി വില കിലോയ്ക്ക് 170 രൂപ മാത്രമാണ്. നടപ്പു സാമ്പത്തിക വര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ റബര്‍ ഉപയോഗത്തില്‍ 3.6 ശതമാനം വര്‍ധവാണ് പ്രതീക്ഷിക്കുന്നത്. അതായത് 14 ലക്ഷം ടണ്ണിലേക്ക് ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇറക്കുമതി തോതില്‍ വീണ്ടും വര്‍ധനവുണ്ടാകും.
നിലവില്‍ അഭ്യന്തര ഉത്പാദനത്തില്‍ കേരളം ഒന്നാമതും ത്രിപുര രണ്ടാമതുമാണ്. ടയര്‍ കമ്പനികളുടെ കൂട്ടായ്മ (ആത്മ)യുടെ സാമ്പത്തിക മുടക്കില്‍ റബര്‍ ബോര്‍ഡിന്‍റെ മേല്‍നോട്ടത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഊര്‍ജിത റബര്‍ കൃഷിയജ്ഞം മൂലം അവിടെ ഉത്പാദനത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്.
ആത്മയുടെ വടക്കുകിഴക്കന്‍ റബര്‍ മിഷന്‍ 1.79 ലക്ഷം ഹെക്ടര്‍ പിന്നിടുകയാണ്. ഇക്കൊല്ലംകൊണ്ട് രണ്ട് ലക്ഷം ഹെക്ടര്‍ എന്നതാണ് ലക്ഷ്യം. അതേസമയം, പരമ്പരാഗത മേഖലയായ കേരളത്തിലും തമിഴ്നാട്ടിലും റബര്‍ കൃഷിയും ഉത്പാദനവും ഓരോ വര്‍ഷവും കുറഞ്ഞുവരികയാണ്.
രാജ്യത്തെ റബര്‍ ഉത്പാദനത്തിന്‍റെ 71 ശതമാനം ഇപ്പോഴും കേരളത്തിലാണ്. ഒരു പതിറ്റാണ്ടു മുന്‍പുവരെ ഇത് 80 ശതമാനമായിരുന്നു. കാലാവസ്ഥാവ്യതിയാനം, ഉത്പാദനച്ചെലവ്, വിലയിടിവ്, വിലയിലെ അസ്ഥിരത, ടാപ്പര്‍മാരുടെ ക്ഷാമം തുടങ്ങി വിവിധ പ്രശനങ്ങളാണ് കേരളത്തിലെ കര്‍ഷകര്‍ നേരിടുന്നത്.
കഴിഞ്ഞ 12 വര്‍ഷത്തെ ആര്‍എസ്എസ്-4 ശരാശരി വില 146 രൂപ മാത്രമാണ്. കിലോയ്ക്ക് സ്ഥിരമായി 225 രൂപയെങ്കിലും കിട്ടിയാല്‍ മാത്രമേ കേരളത്തിലെ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാകൂ. ആവര്‍ത്തനകൃഷി, സ്‌പ്രേയിംഗ് സബ്സിഡി നല്‍കുക, റെയിന്‍ ഗാര്‍ഡിംഗിനുള്ള സാമഗ്രികള്‍ നല്‍കുക, കാട് വെട്ടിത്തെളിക്കാന്‍ സഹായം നല്‍കുക തുടങ്ങി സര്‍ക്കാരും റബര്‍ ബോര്‍ഡും സഹായം നല്‍കാതെ കേരളത്തില്‍ റബര്‍ മുന്നോട്ടു പോകില്ല.
നിലവില്‍ കൈത കര്‍ഷകര്‍ നിലം പാട്ടത്തിനെടുത്ത് റബര്‍ തൈ മൂന്നു വര്‍ഷം വളര്‍ത്തിക്കൊടുക്കുന്നതിനാലാണ് റബര്‍ കൃഷി കുറെ കര്‍ഷകരെങ്കിലും തുടരുന്നത്. റബര്‍ ഒഴിവാക്കി കവുങ്ങ്, തെങ്ങ്, കാപ്പി എന്നിവ നടാന്‍ കൈത കര്‍ഷകര്‍ഷകര്‍ക്ക് സ്ഥലം പാട്ടത്തിനു കൊടുക്കുന്നവരും കുറവല്ല.






