തിരുവനന്തപുരം: കേരള ലോജിസ്റ്റിക്സ് പാർക്ക് നയത്തിന്(Kerala Logistics Park Policy) മന്ത്രിസഭ അംഗീകാരം നൽകി. ഉത്പാദന സ്ഥലത്തുനിന്നും കമ്പോളത്തിലേക്കും ഉപഭോക്താക്കളിലേക്കും മത്സരക്ഷമത നിലനിർത്തി അതിവേഗത്തിലും ശ്രദ്ധയോടെയും ഉത്പന്നങ്ങൾ എത്തിക്കുന്ന ബൃഹത്തായ ശൃംഖലാ സംവിധാനമാണ് ലോജിസ്റ്റിക്സ്.
ഓണ്‍ലൈൻ വഴിയുള്ള വിപണനം വർധിച്ച കാലഘട്ടത്തിൽ ലോജിസ്റ്റിക്സ് മേഖലയെ മുൻനിർത്തി പ്രത്യേക നയരൂപീകരണം ആവശ്യമായതിനാലും വിദേശ നിക്ഷേപം ഉൾപ്പെടെയുള്ള നിരവധി നിക്ഷേപ സാധ്യതകളുള്ള മേഖലയായതിനാലും വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനാലും പ്രാധാന്യം നൽകും. നിക്ഷേപസാധ്യത ഉയർത്താൻ കർമ പദ്ധതി തയാറാക്കും.
വ്യവസായ നയത്തിലെ മുൻഗണനാ മേഖലയിലും ലോജിസ്റ്റിക്സ്/പാക്കേജിംഗ് വിഭാഗം ഉൾപ്പെടുത്തി.
റോഡ് ശൃംഖലയും, റെയിൽ, പോർട്ട്, ജലഗതാഗതം എന്നിവയുടെ ആനുകൂല്യവും, വിഴിഞ്ഞം, കൊച്ചി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര തുറമുഖങ്ങളുടെ സാന്നിധ്യവും ലോജിസ്റ്റിക്സ് മേഖലയ്ക്ക് അനുകൂല ഘടകങ്ങളാണ്.
സർക്കാർ അംഗീകരിച്ച വ്യവസായ പാർക്കുകളുമായി ബന്ധപ്പെട്ട ലാൻഡ് പോളിസിയിലും കെഎസ്ഐഡിസി, കിൻഫ്ര ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ സംരംഭകർക്ക് നൽകുന്ന അടിസ്ഥാന സൗകര്യങ്ങളിലും ലോജിസ്റ്റിക്സ് മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകും.
ശക്തമായ ലോജിസ്റ്റിക്സ് കണക്ടിവിറ്റിയുടെ പ്രാധാന്യം മനസിലാക്കി, ലോജിസ്റ്റിക്സ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഡിജിറ്റലൈസേഷനും സാങ്കേതിക വിദ്യകളും പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ നടപടി ഉൾപ്പെടുത്തി.
ഇതിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി, മിനി മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്കുകൾ സംസ്ഥാനത്ത് തുടങ്ങുമെന്ന പ്രഖ്യാപനത്തിന്റെ തുടർച്ചയാണ് ലോജിസ്റ്റിക്സ് പാർക്ക് നയം.