ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

വിഴിഞ്ഞത്ത് 1463 കോടി ചിലവിൽ ബ്രേക്ക്വാട്ടർ നിർമാണം പൂർത്തിയായി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണത്തിലെ പ്രധാന വെല്ലുവിളിയായ ബ്രേക്ക്വാട്ടറിന്റെ പണി പൂർത്തിയായി. കടലിൽ കല്ലിട്ട് തുറമുഖത്തിന്റെ ബെർത്തിനെ തിരമാലകളിൽനിന്ന് സംരക്ഷിക്കാനുള്ള നിർമിതിയാണ് ബ്രേക്ക്വാട്ടർ.

2950 മീറ്റർ ദൂരത്തിൽ നിർമിച്ച ബ്രേക്ക്വാട്ടറിനായി 70 ലക്ഷം ടൺ കരിങ്കല്ലാണ് കടലിൽ നിക്ഷേപിച്ചത്. കടലിൽ 14 മീറ്റർ മുതൽ 20 മീറ്റർ വരെ ആഴത്തിലാണ് കല്ലുകൾ നിക്ഷേപിച്ചത്.

അടിത്തട്ടിൽ 100 മുതൽ 120 മീറ്റർ വരെ വിസ്തൃതിയിൽ കല്ലുകൾ അടുക്കി നിർമിച്ച് ഇതിന്റെ മുകൾത്തട്ടിൽ 10 മീറ്റർ വരെ വീതിയുണ്ടാകും. ത്രികോണാകൃതിയിൽ വലിയൊരു മതിൽപോലെ ബ്രേക്ക്വാട്ടർ തുറമുഖത്തിന് സംരക്ഷണകവചമൊരുക്കും.

2016-ലാണ് നിർമാണം ആരംഭിച്ചത്. എട്ടുവർഷത്തിനിടെ കാലാവസ്ഥാമാറ്റം ഉൾപ്പെടെ പല പ്രതിസന്ധികളും തരണം ചെയ്താണ് ഇപ്പോൾ പൂർത്തിയാക്കിയത്. ആദ്യഘട്ടത്തിൽ ഓഖി ചുഴലിക്കാറ്റുൾപ്പെടെ നിർമാണത്തിന് തടസ്സമായി.

ബ്രേക്ക് വാട്ടറിന്റെ കുറച്ചുഭാഗം നശിക്കുകയും ചെയ്തു. പിന്നീട് പാറലഭ്യതയായിരുന്നു പ്രശ്നം. കേരളത്തിലും തമിഴ്നാട്ടിലുമുൾപ്പെടെയുള്ള ക്വാറികളിൽനിന്ന് കല്ലെത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്.

2021-22, 2022-23, 2023-24 കാലത്താണ് ബ്രേക്ക്വാട്ടർ നിർമാണത്തിന്റെ ഭൂരിഭാഗവും പൂർത്തിയാക്കിയത്. മൺസൂൺകാലത്ത് കടലിൽ പ്രതികൂല കാലാവസ്ഥയായതിനാൽ ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള ആറുമാസക്കാലമാണ് നിർമാണം സാധ്യമാവുക.

മത്സ്യത്തൊഴിലാളികൾ നടത്തിയ സമരത്തെത്തുടർന്ന് 2022-23 കാലത്ത് 120 ദിവസം പണി മുടങ്ങിയിരുന്നു.

കൊല്ലത്തും മുതലപ്പൊഴിയിലും കല്ലുകൾ ശേഖരിക്കാൻ ലോഡ് ഔട്ട് പോയിന്റ്സ് സജ്ജമാക്കി. ഇവിടെ നിന്ന് ബാർജുകളിൽ കല്ല് കടൽമാർഗം എത്തിച്ചാണ് നിർമാണം നടത്തിയത്. വിഴിഞ്ഞത്തും മൂന്നു പോയിന്റുകളിൽ കല്ല് ശേഖരിച്ച് ടിപ്പറുകളിലും ബാർജുകളിലുമാണ് കടലിൽ കല്ലിട്ടത്.

കടലിൽ അഞ്ച് മീറ്ററിൽ കൂടുതൽ ആഴമുള്ള ഭാഗങ്ങളിൽ ബാർജിൽ മാത്രമാണ് കല്ലിടുന്നത്. അതിനു മുകളിലാണ് ടിപ്പറിൽ കല്ലിടുന്നത്. 12 ബാർജുകളാണ് ബ്രേക്ക് വാട്ടർ നിർമാണത്തിനായി വിഴിഞ്ഞത്ത് എത്തിച്ചത്.

ഇനി ബ്രേക്ക്വാട്ടറിന്റെ ചുറ്റും അക്രോപ്പോഡുകൾ നിരത്തി സംരക്ഷണ കവചമൊരുക്കും. ബ്രേക്ക്വാട്ടറിന് മുകളിലായി 10 മീറ്റർ വീതിയിൽ കോൺക്രീറ്റ് റോഡും നിർമിക്കും.

തുറമുഖത്തിന്റെ അടുത്തഘട്ടത്തിൽ 900 മീറ്റർ കൂടി ബ്രേക്ക്വാട്ടർ നിർമിക്കും. അതോടെ 3.9 കിലോമീറ്ററാകും ബ്രേക്ക്വാട്ടറിന്റെ ആകെ നീളം.

രാജ്യത്ത് തന്നെ ഇത്രയധികം ആഴത്തിൽ 2.95 കിലോമീറ്റർ നീളത്തിൽ ബ്രേക്ക് വാട്ടർ നിർമിച്ചിട്ടുള്ള തുറമുഖങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തുന്നത്.

X
Top