
തിരുവനന്തപുരം: സംസ്ഥാനത്തെ ഗാർഹിക സോളർ ഉൽപാദകർക്ക് നെറ്റ് മീറ്റർ ഈമാസം അവസാനത്തോടെ പൂർണമായും വിതരണം ചെയ്യാനാകുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ അറിയിച്ചു.
ആകെ 82000 സിംഗിൾ ഫേസ് നെറ്റ് മീറ്ററുകൾക്കും 21000 ത്രീഫേസ് നെറ്റ് മീറ്ററുകൾക്കും ഓർഡർ നൽകിയതിൽ 28700 സിംഗിൾ ഫേസ് മീറ്ററുകൾ വിവിധ ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസുകളിൽ എത്തിച്ചിട്ടുണ്ട്.
28700 സിംഗിൾ ഫേസ് മീറ്ററുകൾ വിതരണത്തിനു തയാറെടുക്കുന്നു. ബാക്കിയുള്ള 24600 സിംഗിൾ ഫേസ് നെറ്റ് മീറ്റർ നവംബറിൽ എത്തുമെന്നു പ്രതീക്ഷിക്കുന്നു. ആദ്യഘട്ടമായി 6300 ത്രീ ഫേസ് നെറ്റ് മീറ്ററുകളും ഈമാസം വിതരണത്തിനെത്തും.
ബാക്കി മീറ്ററുകൾ ഘട്ടംഘട്ടമായി ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. മാസങ്ങളായി നെറ്റ് മീറ്റർ ലഭിക്കാത്തത് ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവരെ വെട്ടിലാക്കിയിരുന്നു.
പിഎം സൂര്യഘർ: മുഫ്ത് ബിജ്ലി യോജന പ്രകാരം കേരളത്തിൽ ഗാർഹിക പുരപ്പുറ സോളർ 4 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇതുവരെ കേരളത്തിൽ 3.84 ലക്ഷം വീടുകളിലാണ് പുരപ്പുറ സോളറുള്ളത്.
1458.21 മെഗാവാട്ടാണ് സംയോജിത സ്ഥാപിത ഉൽപാദനശേഷി. സബ്സിഡിയായി 2395.07 കോടി രൂപയും ലഭിച്ചു.






