രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆ ചൈനയ്‌ക്കെതിരെ തുറന്നടിച്ച് ധനമന്ത്രി; ‘വ്യാപാരത്തില്‍ വന്‍ അസന്തുലിതാവസ്ഥ’ ◆ ഇന്ധന കയറ്റുമതിക്കുള്ള വിൻഡ്‌ഫോൾ നികുതി പുതുക്കി കേന്ദ്രം ◆ വിമാന ടിക്കറ്റ് നിരക്കിൽ നടപടി വേണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം ◆ എഥനോൾ വിതരണം 987 കോടി ലിറ്ററിലേക്ക്; 71 ശതമാനവും ധാന്യങ്ങളിൽ നിന്ന് ◆

ചൈനയ്‌ക്കെതിരെ തുറന്നടിച്ച് ധനമന്ത്രി; ‘വ്യാപാരത്തില്‍ വന്‍ അസന്തുലിതാവസ്ഥ’

ന്യൂഡൽഹി: ഇന്ത്യ-ചൈന വ്യാപാര ബന്ധത്തിലെ ഏറ്റവും വലിയ തടസ്സം ചൈനയുടെ താരിഫ് ഇതര തടസ്സങ്ങളാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ ലോകബാങ്ക്-ഐഎംഎഫ് വാര്‍ഷിക യോഗത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം തുറന്നടിച്ചത്. വര്‍ഷങ്ങളായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിട്ടും വ്യാപാര അസന്തുലിതാവസ്ഥ രൂക്ഷമായി വളരുകയാണെന്നും അത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ആഗോളതലത്തില്‍ മുന്‍പന്തിയിലുള്ള ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് പോലും ചൈന വിപണി പ്രവേശനം നിഷേധിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ‘ജനറിക് മരുന്നുകള്‍, കന്നുകാലി മാംസം, പച്ചക്കറികള്‍ ഉള്‍പ്പെടെ ചൈനയില്‍ വലിയ സാധ്യതയുള്ള നിരവധി ഉത്പന്നങ്ങള്‍ക്ക് ഞങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നു.

ഫൈറ്റോസാനിറ്ററി നടപടികളുടെ പേരിലായാലും ചൈന ഒരു മടിയും കൂടാതെ താരിഫ് ഇതര തടസ്സങ്ങള്‍ ഉപയോഗിക്കുന്നു. ഇതിനായി ചര്‍ച്ചകള്‍ നടക്കാം, പക്ഷേ പുരോഗതി ഉണ്ടാകുന്നില്ല,’ എന്ന് ധനമന്ത്രി പറഞ്ഞു.

ചില രാജ്യങ്ങള്‍ അസന്തുലിതാവസ്ഥയ്ക്ക് പകരം കനത്ത താരിഫുകള്‍ ചുമത്തുമ്പോള്‍ ഇന്ത്യ സംഭാഷണത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പ്രതികാര താരിഫുകളല്ല, മറിച്ച് ഇരുന്ന് സംസാരിച്ച് പരിഹരിക്കുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. അത് മടുപ്പിക്കുന്നതാണെങ്കിലും അതാണ് ശരിയായ വഴിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. കരാര്‍ ഉടന്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷയെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അവര്‍ പറഞ്ഞു.

യുഎഇ, ഓസ്ട്രേലിയ, കാനഡ, യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ തുടങ്ങിയ പ്രധാന പങ്കാളികളുമായി നേരിട്ടുള്ള വ്യാപാര കരാറുകള്‍ സജീവമായി പിന്തുടരുന്നതിനൊപ്പം ബഹുരാഷ്ട്ര വാദത്തോടുള്ള പ്രതിബദ്ധതയും ഇന്ത്യ ആവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

X
Top