
മുംബൈ: പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് തീരുവ 10 രൂപ കുറച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ബോണ്ടുകളുടെ യീല്‍ഡ് ഉയര്‍ന്നു. കടപ്പത്ര വിപണിയില്‍ നിക്ഷേപകര്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ വിറ്റഴിക്കുന്നതാണ് യീല്‍ഡ് ഉയരാന്‍ കാരണമായത്.
വ്യാഴാഴ്ച്ച 6.8750 ശതമാനമായിരുന്ന പത്ത് വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടുകളുടെ യീല്‍ഡ് ഇന്നലെ 6.9256 ശതമാനമായി ഉയര്‍ന്നു. 2024 ജൂലൈക്കു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന യീല്‍ഡ് ആണിത്.
ബോണ്ടുകളുടെ വില ഇടിയുന്നതാണ് ബോണ്ട് യീല്‍ഡ് ഉയരുന്നതിന് കാരണം.
സര്‍ക്കാരിന്റെ ചെലവ് കൂടുമ്പോള്‍ പണം കണ്ടെത്താനായി സമീപ ഭാവിയില്‍ ഉയര്‍ന്ന പലിശനിരക്കില്‍ ബോണ്ടുകള്‍ വിപണിയിലെത്തിക്കുമെന്ന കണക്കുകൂട്ടലാണ് നിലവിലുള്ള ബോണ്ടുകളുടെ വില്‍പ്പനയ്‌ക്ക് പ്രേരിപ്പിക്കുന്നത്. ഇന്ന് പെട്രോളിനുള്ള എക്‌സൈസ് തീരുവ 13 രൂപയില്‍ നിന്ന് മൂന്ന് രൂപയായി കേന്ദ്രസര്‍ക്കാര്‍ കുറച്ചു. ഡീസലിന്റെ തീരുവ 10 രൂപയില്‍ നിന്ന് പൂജ്യമാക്കി.
ഇന്ധന തീരുവ കുറച്ചത് മൂലം സര്‍ക്കാരിന് ഏകദേശം ഒന്നര ലക്ഷം കോടി രൂപയുടെ അധിക ബാധ്യത വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സര്‍ക്കാരിന്റെ കടമെടുപ്പ് വര്‍ധിക്കാന്‍ വഴിവെക്കും. യുദ്ധം തുടങ്ങിയതിനു ശേഷം ബോണ്ട് യീല്‍ഡ് ഉയരുന്ന പ്രവണതയാണ് കാണുന്നത്.
ക്രൂഡ് ഓയില്‍ വില വര്‍ധന മൂലം സര്‍ക്കാരിന്റെ ചെലവ് കൂടുമെന്ന ആശങ്കയാണ് കാരണം.
ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതോടെ ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുത്തനെ ഉയരുകയാണ്. ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
ക്രൂഡ് ഓയില്‍ വാങ്ങാന്‍ കൂടുതല്‍ ഡോളര്‍ ചെലവിടേണ്ടി വരുന്നത് രൂപയെ തളര്‍ത്തും. ഇന്ധന വില വര്‍ധന ഒരു പരിധി കടന്നാല്‍ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ആഘാതമുണ്ടാക്കും.






