
ഇന്ധന ഇറക്കുമതി കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉയര്‍ന്ന എഥനോള്‍ മിശ്രിത പെട്രോളിന്റെ മാനദണ്ഡങ്ങള്‍ ബിഐഎസ് പുറത്തിറക്കി. എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഉപയോഗിക്കുന്ന പദ്ധതിയുടെ അടുത്ത ചുവടുവെപ്പായാണ് ഇത് കണക്കാക്കുന്നത്.
പെട്രോളില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തുന്ന ഇ22, ഇ25, ഇ27, ഇ30 എന്നിവയുടെ ഗുണനിലവാര മാനദണ്ഡങ്ങളാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് പുറത്തുവിട്ടിരിക്കുന്നത്. പെട്രോളില്‍ യഥാക്രമം 22, 25, 27, 30 ശതമാനം വീതം എഥനോള്‍ ചേര്‍ത്തുള്ള ഇന്ധനങ്ങളുടെ നിലവാരത്തെക്കുറിച്ചുള്ള മാനദണ്ഡങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ബിഐഎസ് പുതിയ മാനദണ്ഡങ്ങള്‍ പുറത്തുവിട്ടെങ്കിലും ഇ22 മുതല്‍ ഇ30 വരെയുള്ള ഇന്ധനങ്ങള്‍ ഉടനെ വിപണിയിലേക്കെത്തില്ല. ഭാവിയില്‍ ഇത്തരം ഇന്ധനങ്ങള്‍ പുറത്തിറക്കുമ്പോള്‍ അവ എങ്ങനെ ഉത്പാദിപ്പിക്കണമെന്നതു സംബന്ധിച്ച നിബന്ധനകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഉത്പാദനത്തിനു പുറമേ എങ്ങനെ ഇവയുടെ ഗുണനിലവാര പരിശോധന നടത്തണം, പമ്പുകളില്‍ എങ്ങനെ ലേബലിങ് നല്‍കണം എന്നിങ്ങനെയുള്ള കാര്യങ്ങളും ഈ സാങ്കേതിക നയരേഖ വ്യക്തമാക്കുന്നുണ്ട്.
ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തിയ ഇ22 മുതല്‍ ഇ30 വരെയുള്ള പെട്രോള്‍ വിപണിയിലേക്കെത്തുമ്പോള്‍ രാജ്യത്തെ പെട്രോള്‍ പമ്പുകളിലും മാറ്റങ്ങളുണ്ടാവും. ഇന്ധനം നിറക്കാനെത്തുന്നവരെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കാതിരിക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ ക്രമീകരണങ്ങള്‍. ഏതു തരം പെട്രോളാണ് വിതരണത്തിനുള്ളതെന്ന് വ്യക്തമായി അറിയാനാവും വിധം ഇന്ധന വിതരണ യന്ത്രങ്ങളില്‍ ഇ22 പെട്രോള്‍ എന്നോ ഇ30 പെട്രോള്‍ എന്നോ വലിയ അക്ഷരങ്ങളില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കും.
നിലവിലുള്ള എല്ലാ വാഹനങ്ങളുടേയും എന്‍ജിനുകള്‍ ഉയര്‍ന്ന അളവില്‍ എഥനോള്‍ അടങ്ങിയ ഇന്ധനം ഉപയോഗിക്കാന്‍ അനുയോജ്യമായവയല്ല. പഴയ വാഹനങ്ങളില്‍ ഉയര്‍ന്ന എഥനോള്‍ മിശ്രിതം ഉപയോഗിക്കുന്നത് എന്‍ജിന്‍ തകരാറുകള്‍ക്കും ഇന്ധന പൈപ്പുകള്‍ ദ്രൈവിക്കുന്നതിനും കാരണമായേക്കാമെന്ന ആശങ്കയുമുണ്ട്. പമ്പുകലില്‍ കൃത്യമായ ലേബല്‍ നല്‍കുന്നതിലൂടെ തങ്ങളുടെ വാഹനത്തിന് അനുയോജ്യമായ ഇന്ധനം ഏതാണെന്ന് തിരിച്ചറിഞ്ഞ് കൃത്യമായി തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.
ഉയര്‍ന്ന അനുപാതത്തില്‍ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ എത്തിയാലും നിലവിലെ ഇ 20 പെട്രോളോ സാധാരണ പെട്രോളോ ലഭ്യമാവുന്നത് തുടരും. പ്രാദേശിക ലഭ്യതക്കനുസരിച്ചാവും പെട്രോളില്‍ ഈ ഏറ്റക്കുറച്ചിലുകളുണ്ടാവുക. വിപണിയിലെ എല്ലാ പമ്പുകളും ഉയര്‍ന്ന എഥനോള്‍ ഇന്ധനങ്ങളിലേക്ക് മാറണമെന്ന രീതിയിലുള്ള നിര്‍ദേശങ്ങളൊന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല. എന്‍ജിന്‍ നിര്‍മാതാക്കളും എണ്ണക്കമ്പനികളും സജ്ജമാവുന്നമുറക്ക് പല ഘട്ടങ്ങളിലായിട്ടായിരിക്കും ഈ മാറ്റം നടപ്പിലാക്കുക.
ക്രൂഡ് ഓയില്‍ ഇറക്കുമതി കുറക്കാനും ആഭ്യന്തരമായി ഇന്ധന ഉത്പാദനം വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എഥനോള്‍ ഇന്ധനമാക്കി ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നത്. ഉപയോഗിക്കുന്നതിന്റെ 85 ശതമാനം അസംസ്‌കൃത എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയില്‍ എഥനോള്‍ വ്യാപകമായി ഉപയോഗിക്കുന്നത് അസംസ്‌കൃത എണ്ണ ഇറക്കുമതി കുറക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.
കരിമ്പ്, ചോളം എന്നിവയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന എഥനോള്‍ പെട്രോളിനേയും ഡീസലിനേയും അപേക്ഷിച്ച് കുറഞ്ഞ ചിലവില്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കാനാവും. മലിനീകരണം കുറവാണെന്നതും രാജ്യത്തെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നതും ഈ പദ്ധതിയുടെ ഗുണഫലങ്ങളായി എടുത്തു പറയപ്പെടുന്നു.
ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനങ്ങളുടെ വരവോടെ ഇ85(85% എഥനോള്‍), ഇ100 എന്നീ ഇന്ധനങ്ങളിലേക്ക് മാറണമെന്ന ചര്‍ച്ചകളും സജീവമാണ്.






