
മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ചമാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടങ്ങി. സെന്‍സെക്‌സ് 6.48 പോയിന്റ് അഥവാ 0.01 ശതമാനം മാത്രം ഉയര്‍ന്ന് 60689.18 ലെവലിലും നിഫ്റ്റി 1.20 പോയിന്റ് അഥവാ 0.01 ശതമാനം ഉയര്‍ന്ന് 17857.70 ലെവലിലുമാണ് വ്യാപാരം ആരംഭിച്ചത്. 1326 ഓഹരികള്‍ മുന്നേറുമ്പോള്‍ 820 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.
188 ഓഹരിവിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഓട്ടോ, യുപിഎല്‍ എന്നിവയാണ് മികച്ച നേട്ടം സ്വന്തമാക്കുന്നവ. കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്,എച്ച്ഡിഎഫ്‌സി,ഡിവിസ് ലാബ്‌സ്, വിപ്രോ എന്നിവ നഷ്ടം നേരിടുന്നു. മേഖലകളില്‍ ലോഹമൊഴികെയുള്ളവ താഴ്ച വരിക്കുമ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.28 ശതമാനം, 0.25 ശതമാനം എന്നിങ്ങനെ ഇടിവ് നേരിട്ടു.
വരുമാന സീസണ്‍ അതിന്റെ അവസാനത്തോട് അടുക്കുകയാണെന്നും ലോക സമ്പദ്വ്യവസ്ഥയുടെ നിലവിലെ അവസ്ഥ മനസ്സിലാക്കാന്‍ വിപണികള്‍ മാക്രോ ഇക്കണോമിക് സൂചകങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും റിലയന്‍സ് ഇന്‍സ്ട്രീസിലെ റിസര്‍ച്ച് തലവന്‍ മിതുല്‍ ഷാ പറയുന്നു. റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി ബെഞ്ച്മാര്‍ക്ക് റിപ്പോ നിരക്ക് 25 ബിപിഎസ് ഉയര്‍ത്തി 6.5% ആക്കിയതും സ്വാധീനം ചെലുത്തും. നിരക്ക് വര്‍ദ്ധന ചക്രത്തിന്റെ അവസാനമല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ പണപ്പെരുപ്പ പ്രവചനം 5.9 ശതമാനത്തില്‍ നിന്ന് 5.7 ശതമാനമായി താഴ്ത്തി. എസ്ജിഎക്‌സ് നിഫ്റ്റി ഏറെക്കുറെ മാറ്റമില്ലാത്ത അവസ്ഥയിലാണ്. ഏഷ്യന്‍ വിപണികള്‍ നഷ്ടത്തില്‍ വ്യാപാരം നടത്തുന്നു. നിക്കൈ 1.2 ശതമാനവും ഹാങ് സെങ് ഒരു ശതമാനം ഇടിവ് നേരിട്ടു.






