കൊച്ചി: രാജ്യത്തെ വാണിജ്യ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾ തുടർച്ചയായി കുറയുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസക്കാലയളവിൽ പ്രധാന ബാങ്കുകളുടെയെല്ലാം സ്ഥിര നിക്ഷേപങ്ങളിൽ 1.15 ശതമാനം ഇടിവുണ്ടായെന്ന് പ്രാരംഭ കണക്കുകൾ വ്യക്തമാക്കുന്നു.
ഉയർന്ന പലിശ നിരക്ക് നൽകുന്ന വിവിധ കാലാവധി നിക്ഷേപങ്ങളിൽ മാത്രമാണ് കാര്യമായ വളർച്ച ദൃശ്യമാകുന്നതെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ പറയുന്നു. അതേസമയം കുറഞ്ഞ ചെലവിൽ നിക്ഷേപം ലഭിക്കുന്ന കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട്(കാസ) നിക്ഷേപങ്ങൾ വലിയ തോതിൽ പിൻവലിക്കുന്നതിനാൽ ബാങ്കുകളുടെ മാർജിൻ കുറയുകയാണ്.
പ്രമുഖ പൊതു മേഖല ബാങ്കായ ബാങ്ക് ഒഫ് മഹാരാഷ്‌ട്രയുടെ നിക്ഷേപങ്ങൾ ഏപ്രിൽ-ജൂൺ മാസങ്ങളിൽ 2.67 ലക്ഷം കോടിയായി കുറഞ്ഞു. ജനുവരി-മാർച്ച് മാസങ്ങളിൽ ബാങ്കിന്റെ സ്ഥിര നിക്ഷേപം 2.7 ലക്ഷം കോടി രൂപയായിരുന്നു.
പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ നിക്ഷേപം ഇതേകാലയളവിൽ 0.75 ശതമാനം കുറഞ്ഞ് 2.64 ലക്ഷം കോടി രൂപയിലെത്തി. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ ബന്ധൻ ബാങ്കാണ് നിക്ഷേപങ്ങളിൽ വലിയ ഇടിവ് നേരിട്ടത്. ബാങ്കിന്റെ മൊത്തം നിക്ഷേപം മാർച്ച് 31ന് 1.35 ലക്ഷം കോടി രൂപയിൽ നിന്ന് 1.5 ശതമാനം ഇടിഞ്ഞ് ജൂണിൽ 1.3 ലക്ഷം കോടി രൂപയായി.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്. ഡി.എഫ്.സി ബാങ്കിന് പോലും നിക്ഷേപ സമാഹരണത്തിൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ബാങ്കിന്റെ കാസാ നിക്ഷേപങ്ങൾ മാർച്ച് പാദത്തേക്കാൾ അഞ്ച് ശതമാനം കുറഞ്ഞ് 8.63 ലക്ഷം കോടി രൂപയിലെത്തി.
വായ്പാ വിതരണത്തിൽ കുതിപ്പ്
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ബാങ്കുകളുടെ വായ്‌പാ വിതരണം മെച്ചപ്പെട്ടു. എച്ച്.ഡി.എഫ്.സി ബാങ്ക് ഒഴികെയുള്ള ബാങ്കുകൾ വായ്പാ വിതരണം മെച്ചപ്പെടുത്തി. യെസ് ബാങ്കിന്റെ മൊത്തം വായ്പ മാർച്ച് പാദത്തിലെ 2.27 ലക്ഷം കോടി രൂപയിൽ നിന്ന് 2.29 ലക്ഷം കോടി രൂപയായി ഉയർന്നു.
ഫെഡറൽ ബാങ്കിന്റെ വായ്പ പോർട്ട്‌ഫോളിയോ ഇക്കാലയളവിൽ 5.5 ശതമാനം വർദ്ധനയോടെ 2.24 ലക്ഷം കോടി രൂപയിലെത്തി.
ബാങ്കുകളുടെ നിക്ഷേപ, വായ്‌പ വളർച്ച ജൂൺ 30 വരെ
- ബാങ്ക് നിക്ഷേപം വായ്‌പ
- എച്ച്.ഡി.എഫ്.സി ബാങ്ക് 23.39 ലക്ഷം കോടി 24.87 ലക്ഷം കോടി
- യെസ് ബാങ്ക് 2.64 ലക്ഷം കോടി 2.29 ലക്ഷം കോടി
- ബാങ്ക് ഒഫ് മഹാരാഷ്ട്ര 2.67 ലക്ഷം കോടി 2.09 ലക്ഷം കോടി
- ഫെഡറൽ ബാങ്ക് 2.66 ലക്ഷം കോടി 2.24 ലക്ഷം കോടി