
മലയാളിയായ ഡോ. ആസാദ് മൂപ്പന്‍ നയിക്കുന്ന ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ രാജ്യത്ത് ഹോസ്പ്റ്റില്‍ ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി 1,900 കോടി രൂപ നിക്ഷേപിക്കുന്നു.
2026-27 സാമ്പത്തിക വര്‍ഷത്തോടെ ഹോസ്പിറ്റല്‍ ശൃംഖലക്ക് കീഴിലെ കിടക്കകളുടെ എണ്ണം 13,600 ആക്കുന്നതു വഴി രാജ്യത്തെ ടോപ് ഹെല്‍ത്ത്‌കെയര്‍ സ്ഥാപനമായി മാറുകയാണ് ലക്ഷ്യം.
കേരളത്തില്‍ മാത്രം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 818 കിടക്കകളാണ് ലക്ഷ്യമിടുന്നത്. കാസര്‍കോട് പുതുതായി പണിയുന്ന ആസ്റ്റര്‍ ഹോസ്പിറ്റലില്‍ 264 കിടക്കകളും തിരുവനന്തപുരത്തെ പുതിയ പദ്ധതിയില്‍ 454 ബെഡുകളുമാണ് ഉണ്ടാകുക.
ബംഗളൂരുവില്‍ സര്‍ജാപൂര്‍ റോഡില്‍ നിര്‍മിക്കുന്ന ആശുപത്രിയില്‍ ഉള്‍പ്പെടെയായി 939 കിടക്കകളും ഉദ്ദേശിക്കുന്നു. കൂടാതെ ഹൈദരാബാദില്‍ 300 കിടക്കകളോട് കൂടിയ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോസ്പിറ്റില്‍ അധികം വൈകാതെ കമ്മീഷന്‍ ചെയ്യുമെന്നാണ് ഡോ.ആസാദ് മൂപ്പന്‍ അടുത്തിടെ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
ക്വാളിറ്റി കെയര്‍ ഇന്ത്യയുമായുള്ള ലയനം പൂര്‍ത്തിയാകുന്നതോടെ ഒറ്റ കമ്പനിയായിട്ടായിരിക്കും പ്രവര്‍ത്തനങ്ങള്‍. ഇത് ചെലവു കുറച്ച്, കൂടുതല്‍ ക്യാരക്ഷമമായി രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ സഹായിക്കുമെന്ന് ആസാദ് മൂപ്പന്‍ പറയുന്നു.
ലയിച്ചുണ്ടാകുന്ന പുതിയ കമ്പനിയായ ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയര്‍ 3,300 കിടക്കകളാണ് പുതുതായി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ 2,100 കിടക്കകള്‍ ആസ്റ്ററും ശേഷിക്കുന്നത് ക്വാളിറ്റി കെയറുമാകും കൂട്ടിച്ചേര്‍ക്കുക.
മൊത്തം 1,878 കോടി രൂപയാണ് മൂലധന ചെലവ് പ്രതീക്ഷിക്കുന്നത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ 323 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞതായി കമ്പനി വ്യക്തമാക്കുന്നു.
ഓങ്കോളജി വിഭാഗത്തില്‍ റോബോട്ടിക്അസിസ്റ്റഡ് ശസ്ത്രക്രിയകളാണ് ആസ്റ്റര്‍ നടത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 1,865 റോബോട്ടിക് ശസ്ത്രക്രിയകളും 575 ട്രാന്‍സ്പ്ലാന്റുകളും ആസ്റ്റര്‍ നടത്തി.
കാന്‍സര്‍ ചികിത്സകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പ്രിസിഷന്‍ ഓങ്കോളജി ക്ലിനിക്കുകള്‍, ആസ്റ്റര്‍ കാന്‍സര്‍ ഗ്രിഡ്, ഓങ്കോ കളക്ട് സോഫ്റ്റ്‌വെയര്‍ എന്നീ പുതിയ മൂന്ന് പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്.
ജീനോമിക് പ്രൊഫൈലിംഗ് അടിസ്ഥാനപ്പെടുത്തി വ്യക്തിഗത കാന്‍സര്‍ ചികിത്സകള്‍ രൂപപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ജനിതക പരിശോധനയും മോളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക്‌സും ഉപയോഗപ്പെടുത്തി, കൂടുതല്‍ ഫലപ്രാപ്തിയും കുറഞ്ഞ പാര്‍ശ്വഫലങ്ങളും ഉറപ്പാക്കുന്ന ചികിത്സകള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദമായ ജനുവരി-മാര്‍ച്ചില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ 85.54 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തിയിരുന്നു.
മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 2.17 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഇന്ത്യയിലെയും ഗള്‍ഫിലെയും ബിസിനസ് വിഭജിച്ചതിനെ തുടര്‍ന്നുള്ള നഷ്ടവും നികുതിച്ചെലവുകളുമായിരുന്നു ആ പാദത്തില്‍ ലാഭത്തെ ബാധിച്ചത്.
ഗള്‍ഫ് ബിസിനസ് വിഭജനത്തിന് ശേഷം അഫിനിറ്റി ഹോള്‍ഡിംഗ്‌സില്‍ നിന്ന് 5,996.96 കോടിരൂപയുടെ ലാഭ വിഹിതം ലഭിച്ചത് കഴിഞ്ഞ വര്‍ഷത്തെ ആകെ ലാഭം കുതിച്ചുയരാനും സഹായിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭം 5,407.89 കോടി രൂപയാണ്. തൊട്ടു മുന്‍ വര്‍ഷമിത് 211.56 കോടി രൂപയായിരുന്നു.