
ന്യൂഡൽഹി: ഇന്ത്യയുടെ സമുദ്രപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയ്ക്കായി എട്ട് അത്യാധുനിക യുദ്ധക്കപ്പലുകൾ നിർമിക്കാൻ കേന്ദ്രസർക്കാരിന്റെ വൻ നീക്കം. 40,000 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി (CCS) അംഗീകാരം നൽകി.
നാവികസേനയ്ക്കായി നിർമിക്കുന്ന ഈ നെക്സ്റ്റ് ജനറേഷൻ കോർവെറ്റുകൾ അത്യാധുനിക സ്റ്റെൽത്ത് സാങ്കേതികവിദ്യയോടെയാകും എത്തുക. കൊൽക്കത്ത ആസ്ഥാനമായ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് , ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളാണ് കപ്പലുകൾ നിർമിക്കുക. കരാർ അടുത്ത ദിവസങ്ങളിൽ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഓരോ യുദ്ധക്കപ്പലിനും ഏകദേശം 2,000 ടൺ ഭാരശേഷിയുണ്ടാകും. മണിക്കൂറിൽ ഏകദേശം 55 കിലോമീറ്ററിലധികം വേഗതയ്ക്ക് തുല്യമായ 30 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയും. ഇന്ത്യൻ നാവികസേന തന്നെ വികസിപ്പിച്ച തദ്ദേശീയ സ്റ്റെൽത്ത് ഡിസൈനിലാണ് കപ്പലുകൾ നിർമിക്കുന്നത്.
ശത്രുക്കളുടെ നിരീക്ഷണ സംവിധാനങ്ങളിൽ നിന്ന് കണ്ടെത്തപ്പെടാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് സ്റ്റെൽത്ത് ഡിസൈൻ. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്രസുരക്ഷാ ദൗത്യങ്ങൾ ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാവുന്ന മൾട്ടി റോൾ യുദ്ധക്കപ്പലുകളായിരിക്കും ഇവ.
പദ്ധതിയിലെ ആദ്യ യുദ്ധക്കപ്പൽ 2030ഓടെ നാവികസേനയ്ക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നത്. നിർമാണം വേഗത്തിലാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എട്ട് കപ്പലുകളും ഇന്ത്യയിൽ തന്നെ നിർമിക്കുന്നത് രാജ്യത്തെ പ്രതിരോധ ഉൽപ്പാദന മേഖലയ്ക്കും കപ്പൽ നിർമാണ വ്യവസായത്തിനും വലിയ നേട്ടമാകും.
ഇന്ത്യൻ മഹാസമുദ്രത്തിലെ നാവികസേനയുടെ സാന്നിധ്യവും പ്രവർത്തനശേഷിയും ശക്തിപ്പെടുത്തുന്നതിനൊപ്പം വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ആത്മനിർഭർ ഭാരത് പദ്ധതിക്കും ഇത് കരുത്തേകും.






