
പാരീസ്: കഴിഞ്ഞകൊല്ലം ലോകത്ത് 29.5 കോടിപ്പേർ കൊടുംപട്ടിണിയാലുഴറിയെന്ന് യുഎൻ റിപ്പോർട്ട്. സഹായവിതരണം പ്രതിസന്ധിയിലായതിനാല്‍ 2025-ലെ കാര്യവും ആശാവഹമല്ലെന്ന് ‘ഗ്ലോബല്‍ റിപ്പോർട്ട് ഓണ്‍ ഫുഡ് ക്രൈസിസ്’ ചൂണ്ടിക്കാട്ടുന്നു.
65 രാജ്യത്തെയാണ് പഠനവിധേയമാക്കിയത്. അതില്‍ 53 രാജ്യത്തിലുള്ളവരാണ് കൊടുംപട്ടിണിയിലുള്ള 29.5 കോടിയും. തുടർച്ചയായ ആറാംവർഷമാണ് പട്ടിണിക്കാരുടെ എണ്ണം കുത്തനെ കൂടുന്നത്.
സായുധസംഘർഷങ്ങളും മറ്റുപ്രതിസന്ധികളുമാണ് പട്ടിണിരൂക്ഷമാക്കാൻ കാരണം. ഗാസ, സുഡാൻ, മലി, യെമെൻ എന്നിവിടങ്ങളില്‍ യുദ്ധവും ആഭ്യന്തരസംഘർഷങ്ങളും പട്ടിണിക്ക് ആക്കംകൂട്ടിയെന്ന് റിപ്പോർട്ടില്‍ പറയുന്നു.
യുദ്ധവും സംഘർഷവും 20-ഓളം രാജ്യങ്ങളെയോ ഭൂപ്രദേശങ്ങളെയോ ആണ് ബാധിച്ചിരിക്കുന്നത്. അവിടങ്ങളില്‍മാത്രം 14 കോടിപ്പേർ കൊടുംപട്ടിണിയിലാണ്. കാലാവസ്ഥാപ്രതിസന്ധി 18 രാജ്യങ്ങളിലും സാമ്പത്തികപ്രതിസന്ധി 15 രാജ്യങ്ങളിലും പട്ടിണിയുണ്ടാക്കി. ഇവിടങ്ങളില്‍മാത്രം 15 കോടിപ്പേർക്ക് ആവശ്യത്തിന് ആഹാരമില്ല.
ചെറുത്തുനില്‍ക്കാനുള്ള നമ്മുടെ ശേഷിയെക്കാള്‍ വേഗമാണ് ലോകത്ത് പട്ടിണിയും പോഷകാഹാരക്കുറവും പിടിമുറുക്കുന്നത്.
ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷണത്തിന്റെ 33 ശതമാനവും (മൂന്നില്‍ ഒന്ന്) വെറുതേകളയുകയോ നഷ്ടപ്പെടുകയോ ചെയ്യുകയാണ്.
-അന്റോണിയോ ഗുട്ടെറസ്, യുഎൻ സെക്രട്ടറി ജനറല്‍