
ദുബായ്: ക്രൂഡ് ഓയില്‍ വില ഉയരുന്നത് തുടരുന്നു. യുഎസും ഇറാനും തമ്മിലുള്ള ചര്‍ച്ചയ്‌ക്ക് സാധ്യത കുറഞ്ഞ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില ഇന്നലെ ബാരലിന് 110 ഡോളറിന് അടുത്തെത്തി. ഇറാന്‍ മുന്നോട്ടുവെച്ച നിര്‍ദേശത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതൃപ്‌തി പ്രകടിപ്പിച്ചു.
യുഎസ് ഇറാന്റെ കപ്പലുകള്‍ക്ക് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം പിന്‍വലിച്ചാല്‍ ഹോര്‍മിസ് കടലിടുക്ക് തുറക്കാമെന്നാണ് ഇറാന്റെ വാഗ്‌ദാനം. അതേ സമയം ഇറാന്റെ ആണവ പദ്ധതികളെ കുറിച്ച് നിര്‍ദേശത്തില്‍ മൗനം പാലിച്ചതാണ് ട്രംപിന്റെ അതൃപ്‌തിക്ക് കാരണം.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് വില ബാരലിന് 0.4 ശതമാനം ഉയര്‍ന്ന് 108.68 ഡോളറിലെത്തി. തിങ്കളാഴ്ച്ച ബാരലിന് 2.8 ശതമാനം വര്‍ധനയുണ്ടായതിനു ശേഷവും വില ഉയരുന്നത് തുടരുകയാണ്. യുഎസ് ഡബ്ല്യുടിഐ ക്രൂഡ് വില 0.6 ശതമാനം ഉയര്‍ന്ന് 96.96 ഡോളറിലെത്തി. തിങ്കളാഴ്ച്ച 2.3 ശതമാനം വില ഉയര്‍ന്നിരുന്നു. സംഘര്‍ഷം നിലനിന്നാല്‍ ക്രൂഡ് ഓയില്‍ വില 150 ഡോളറിലെത്താന്‍ സാധ്യതയുണ്ടെന്ന് അനലസ്റ്റുകള്‍ ചൂണ്ടികാട്ടുന്നു.
ക്രൂഡ് ഓയില്‍ വില വര്‍ധന ഉല്‍പ്പാദനം ഉള്‍പ്പെടെയുള്ള പല മേഖലകളിലും ഇതിനകം ആഘാതം സൃഷ്‌ടിച്ചു കഴിഞ്ഞു. ക്രൂഡ് ഓയില്‍ വില വര്‍ധന സൃഷ്‌ടിക്കുന്ന പണപ്പെരുപ്പം ജനജീവിതത്തെ ദുസ്സഹമാക്കും. പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ ലോകവ്യാപകമായി പിന്തുടര്‍ന്നു പോരുന്ന പലിശ നിരക്ക് വര്‍ധന നടപ്പിലാക്കിയാല്‍ വായ്‌പാ ചെലവ് ഉയരുകയും സമ്പദ്‌വ്യവസ്ഥ കൂടുതല്‍ സമ്മര്‍ദത്തിലാകുകയും ചെയ്യും.
ആഗോള ജിഡിപി വളര്‍ച്ച സമീപഭാവിയില്‍ തന്നെ ഗണ്യമായി കുറയാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
ഇന്ത്യയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്.






