
ന്യൂഡൽഹി: സർക്കാർ പരസ്യങ്ങൾക്കായി കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേന്ദ്രസർക്കാർ 2928.77 കോടി രൂപ ചെലവാക്കിയതായി വാർത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി അനുരാഗ് ഠാക്കൂർ.
രാജ്യസഭാ എംപി എ.എ. റഹിമിന്റെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അച്ചടി, ഇലക്ട്രോണിക് മാധ്യമം, ഔട്ട്ഡോർ പരസ്യങ്ങള്‍ എന്നിവയുൾപ്പെടെയുള്ള ചെലവാണിത്.
കഴിഞ്ഞ വര്‍ഷം (2022–23) മാത്രം പരസ്യത്തിനായി 408.46 കോടി രൂപയാണ് ചെലവായത്. അച്ചടി മാധ്യമങ്ങള്‍ വഴിയുള്ള പരസ്യത്തിന് 220.34 കോടിയും ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് 155.27 കോടി രൂപയുമാണ് ചെലവ്.
ഔട്ട്ഡോർ പരസ്യങ്ങൾക്ക് സർക്കാർ 32.85 കോടിയും ചെലവഴിച്ചു. 2018–19ൽ 1179.17 കോടി, 2019–20ൽ 708.19 കോടി, 2020–21ൽ 409.45 കോടി, 2021–22ൽ 315.98 കോടി എന്നിങ്ങനെയാണ് ആകെ ചെലവെന്നും പാർലമെന്റിൽ മന്ത്രി പറഞ്ഞു.






