റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെക്കില്ലെന്ന് എസ് ജയശങ്കർ ◆ പ്രകൃതിവാതക വില പരിധി ഉയർത്തി കേന്ദ്ര സർക്കാർ; ആഴക്കടൽ വാതക ഉൽപ്പാദകർക്ക് ആശ്വാസം ◆ പാലക്കാട് വ്യവസായ സ്മാര്‍ട് സിറ്റി: അഞ്ചാംഘട്ട തുകയും ഭൂമിയും അനുവദിച്ചു ◆ ഇന്ധനവില വർധിപ്പിച്ച് നയാര എനർജി ◆ ഇന്ത്യയുടെ ബ്രഹ്‌മോസ് വാങ്ങാന്‍ വിദേശ രാജ്യങ്ങളുടെ ക്യൂ; കയറ്റുമതി 5760 കോടി രൂപ കടക്കുമെന്ന് പ്രതിരോധ സെക്രട്ടറി ◆

ആദ്യ പകുതിയിൽ യുപിഐ ഇടപാടുകളിൽ 27 ശതമാനം വർധന

മുംബൈ: രാജ്യത്ത് യുപിഐ വഴിയുള്ള പണമിടപാടുകളിൽ വീണ്ടും റിക്കാർഡ് മുന്നേറ്റം. നടപ്പു സാമ്പത്തികവർഷത്തിന്‍റെ ആദ്യ ആറു മാസങ്ങളിൽ (ഏപ്രിൽ-സെപ്റ്റംബർ) യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ 27 ശതമാനത്തിന്‍റെ വൻ വർധന രേഖപ്പെടുത്തി.

നാഷണൽ പേയ്മെന്‍റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം ആദ്യ പകുതിയിൽ 14,500 കോടിയിലധികം ഇടപാടുകളാണ് യുപിഐ വഴി നടന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 11,400 കോടിയായിരുന്നു.

മൂല്യത്തിൽ 20 ശതമാനം വളർച്ച
ഇടപാടുകളുടെ എണ്ണത്തിനൊപ്പം കൈമാറ്റം ചെയ്യപ്പെട്ട തുകയുടെ മൂല്യത്തിലും വലിയ വളർച്ചയുണ്ടായി. ആദ്യ പകുതിയിൽ യുപിഐ വഴി 177 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് രാജ്യത്ത് നടന്നത്.

മുൻവർഷത്തെ ആദ്യ ആറുമാസത്തെ 148 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 20 ശതമാനത്തിന്‍റെ വർധനയാണിത്. ചെറുകിട വ്യാപാര സ്ഥാപനങ്ങൾ മുതൽ വലിയ വാണിജ്യ ഇടപാടുകൾക്കു വരെ ജനങ്ങൾ ഡിജിറ്റൽ പേയ്മെന്‍റുകളെ പ്രധാനമായി ആശ്രയിക്കുന്നതാണ് ഈ കുതിപ്പിനു കരുത്തുപകരുന്നത്.

സെപ്റ്റംബറിൽ കുറവ്
അതേസമയം, തൊട്ടുമുമ്പത്തെ മാസമായ ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബറിലെ പ്രതിമാസ ഇടപാടുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റിൽ 2450 കോടി ഇടപാടുകൾ നടന്ന സ്ഥാനത്ത് സെപ്റ്റംബറിൽ 1.74 ശതമാനം കുറഞ്ഞ് 2407 കോടിയായി.

മൂല്യത്തിലും 1.5 ശതമാനത്തിന്‍റെ ഇടിവ് വന്നിട്ടുണ്ട് (29.82 ലക്ഷം കോടിയിൽനിന്ന് 29.37 ലക്ഷം കോടി രൂപയായി). എന്നാൽ, ഓഗസ്റ്റിൽ 31 ദിവസങ്ങൾ ഉണ്ടായിരുന്നപ്പോൾ സെപ്റ്റംബറിൽ 30 ദിവസങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും പ്രതിദിന ശരാശരി ഇടപാടുകൾ ഓഗസ്റ്റിലെ 79.1 കോടിയിൽനിന്ന് സെപ്റ്റംബറിൽ 80.2 കോടിയായി ഉയരുകയാണ് ചെയ്തതെന്നും വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വലിയ തുകകളുടെ യുപിഐ ഇടപാടുകൾക്ക് വ്യാപാരികൾക്ക് ഫീസ് (എംഡിആർ) ഏർപ്പെടുത്താനുള്ള നിർദേശങ്ങൾ വരാനിരിക്കേയാണ് ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.

X
Top