
മുംബൈ: സോണി പിക്ചേഴ്‌സ് നെറ്റ്വര്‍ക്ക്‌സ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന കല്‍വര്‍ മാക്‌സ് എന്റര്‍ടെയ്ന്‍മെന്റുമായുള്ള (സിഎംഇപിഎല്‍) ലയന സമയപരിധി നീട്ടാന്‍ ആവശ്യപ്പെട്ട് സീ എന്റര്‍ടൈന്‍മെന്റ്.
ഈ മാസം 21 വരെയാണ് നിര്‍ദിഷ്ട ലയനത്തിന്റെ സമയ പരിധി. കള്‍വര്‍ മാസ്‌ക്, ബംഗ്ലാ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയെ ഇതിനായി സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് (സെഡ്ഇഇഎല്‍) സമീപിച്ചിരുന്നു.
സോണി ഗ്രൂപ്പ് കോര്‍പ്പറേഷന്റെ (എസ്ജിസി) പരോക്ഷ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് സിഎംഇപിഎല്‍. എസ്ജിസി ഗ്രൂപ്പിന്റെ ഭാഗമാണ് ബിഇപിഎല്‍. 10 ബില്യണ്‍ ഡോളറാണ് ലയന മൂല്യം കണക്കാക്കുന്നത്.
ലയനത്തിനായി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, എന്‍എസ്ഇ, ബിഎസ്ഇ, കമ്പനിയുടെ ഓഹരി ഉടമകള്‍, വായ്പാദാതാക്കള്‍ എന്നിവരില്‍ നിന്നും അംഗീകാരം ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍ നാണഷല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) മുംബൈ ബഞ്ച് ലയനാനുമതി നല്‍കിയിരുന്നു.
പുനിത് ഗോയങ്ക സംയുക്ത കമ്പനിയുടെ തലവൻ
കരാറുകള്‍ പ്രകാരം, സെഡ്ഇഇഎല്‍ എംഡിയും സിഇഒയുമായ പുനിത് ഗോയങ്കയാണ് സംയുക്ത കമ്പനിയുടെ നേതൃത്വം വഹിക്കേണ്ടത്. എന്നാല്‍ ചില ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്ക് തലവന്‍ എന്‍ പി സിങ്ങിനെ പുതിയ കമ്പനിയുടെ നേതൃത്വം ഏല്‍പ്പിക്കാന്‍ സോണി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
സംയോജിത സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഭൂരിഭാഗവും സോണി ഗ്രൂപ്പാണ് നാമനിര്‍ദ്ദേശം ചെയ്യുന്നത്. നിലവിലെ എസ്പിഎന്‍ഐ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എന്‍ പി സിംഗ് ഉള്‍പ്പെടുന്നു.
എസ്സെല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്രയും സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ പുനിത് ഗോയങ്കയും ഏതെങ്കിലും ലിസ്റ്റഡ് കമ്പനിയില്‍ ഡയറക്ടര്‍ അല്ലെങ്കില്‍ പ്രധാന മാനേജര്‍ പദവി വഹിക്കുന്നതില്‍ നിന്ന് വിലക്കിക്കൊണ്ട് സെബി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. കമ്പനിയില്‍ നിന്ന് പണം വകമാറ്റുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി സ്വീകരിച്ചത്.
എന്നാല്‍ സെബിയുടെ ഇടക്കാല ഉത്തരവിനെ ചോദ്യം ചെയ്ത് ചന്ദ്രയും ഗോയങ്കയും സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലിനെ (എസ്എടി) സമീപിച്ചിരുന്നു. ഒക്ടോബറില്‍ സെബിയുടെ ഇടക്കാല ഉത്തരവ് എസ്എടി റദ്ദാക്കി.
ലയനം സാധ്യമാകുന്നതോടെ 70-ലധികം ടിവി ചാനലുകളും രണ്ട് വീഡിയോ സ്ട്രീമിംഗ് സേവനങ്ങളായ സീ5, സോണി ലൈവ് എന്നിവയും ഫിലിം സ്റ്റുഡിയോകളായ സോണി സ്റ്റുഡിയോസ്, സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യ എന്നിവ സംയോജിത സ്ഥാപനത്തിന് സ്വന്തമാകും. ഇന്ത്യയിലെ ഏറ്റവും വലിയ വിനോദ ശൃംഖലയായി സീ- സോണി സംയുക്ത ഉത്പന്നം മാറും.
രണ്ട് സ്വതന്ത്ര ഡയറക്ടര്‍മാർ തുടരില്ല
സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ രണ്ട് സ്വതന്ത്ര ഡയറക്ടര്‍മാരുടെ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം വീണ്ടും നിയമിക്കുന്നതിന് ഓഹരി ഉടമകളുടെ അനുമതി നേടുന്നതില്‍ പരാജയപ്പെട്ടതായി കമ്പനി വ്യക്തമാക്കുന്നു.
ഈ മാസം 16-ന് നടന്ന എജിഎമ്മില്‍ സെഡ്ഇഇഎല്ലിന്റെ ഓഹരി ഉടമകള്‍, വിവേക് മെഹ്റ, സാഷാ മിര്‍ച്ചന്ദാനി എന്നീ രണ്ട് സ്വതന്ത്ര ഡയറക്ടര്‍മാരെ വീണ്ടും നിയമിക്കണമെന്ന ആവശ്യമാണ് നിരസിക്കപ്പെട്ടത്.
മെഹ്റയുടെ പുനര്‍നിയമനത്തിനുള്ള പ്രമേയത്തിന് ആകെ പോള്‍ ചെയ്ത വോട്ടിന്റെ 47.95 ശതമാനം വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ, അതേസമയം മിര്‍ച്ചന്ദാനിക്ക് 71.2 ശതമാനം വോട്ടുകള്‍ ലഭിച്ചു.