
തിരുവനന്തപുരം: കേരളത്തിലെ വനിതാ സംരംഭകരുടെ വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകുന്നതിനായി ‘കേരള വുമൺ ഓൺട്രപ്രണേഴ്‌സ് കോൺക്ലേവ് 2025’ ഒക്ടോബർ 13ന് തൃശ്ശൂരിൽ നടത്തും. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് നടത്തുന്ന കോൺക്ലേവിന്റെ ലോഗോ വ്യവസായ മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു. സംസ്ഥാനത്ത് ‘സംരംഭക വർഷം’ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്ത സംരംഭകരിൽ 31% പേർ വനിതകളാണെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിലുള്ളവ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് വലിയ അവസരമാണ് മന്ത്രി പി രാജീവ് പറഞ്ഞു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തവും വളർച്ചയും ഉറപ്പ് വരുത്തുന്നതിലാണ് കോൺക്ലേവ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ലോക ബാങ്കിന്റെ പിന്തുണയോടെ നടപ്പാക്കുന്ന റാംപ് (റൈസിംഗ് ആൻഡ് ആക്സിലറേറ്റിംഗ് എംഎസ്എംഇ പെർഫോമൻസ്) പദ്ധതിയുടെ ഭാഗമായാണ് കോൺക്ലേവ് നടത്തുന്നത്. സംസ്ഥാനത്തെ എംഎസ്എംഇകളെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ആഗോളതലത്തിൽ മത്സരക്ഷമമാക്കുകയാണ് റാംപ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സംരംഭങ്ങൾക്ക് അടുത്ത ഘട്ട വളർച്ച നേടുന്നതിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ, ഇ-കൊമേഴ്‌സ്, ഡിജിറ്റലൈസേഷൻ, നിർമിത ബുദ്ധി എന്നിവയുടെ ഉപയോഗം സംബന്ധിച്ച സെമിനാറുകൾ കോൺക്ലേവിന്റെ ഭാഗമാകും. വ്യവസായ മേഖലയിലെ വിദഗ്ദ്ധരായും വിജയിച്ച വനിതാ സംരംഭകരായും നേരിട്ട് സംവദിക്കാനും കോൺക്ലേവിൽ അവസരമുണ്ട്. ബാങ്കുകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി ബന്ധപ്പെടാനുള്ള ഏക ജാലക സംവിധാനം ഇവിടെ സജ്ജമാക്കും.
കൂടുതൽ പേരെ ഉൾക്കൊള്ളുന്ന ഒരു സംരംഭകത്വ അന്തരീക്ഷം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പായിരിക്കും ഈ കോൺക്ലേവെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ് പറഞ്ഞു. വനിതാ സംരംഭകർക്ക് പുതിയ ആശയങ്ങൾ നൽകാനും, അവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും, സംരംഭങ്ങൾക്ക് കൂടുതൽ വളർച്ച നേടാനും ഈ സംഗമം സഹായിക്കുമെന്ന് വ്യവസായ വാണിജ്യ ഡയറക്ടർ പി വിഷ്ണു രാജ് ഐഎഎസ് അഭിപ്രായപ്പെട്ടു. ആയിരത്തിലധികം വനിതാ സംരംഭകർ ഇതിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.