സ്ത്രീ മുന്നേറ്റത്തിനായി ഒട്ടേറെ നടപടികൾ ഉണ്ടെങ്കിലും ഇന്ത്യൻ കമ്പനികളുടെ ഡയറക്ടർ ബോർഡിൽ വനിതകൾക്ക് ഇപ്പോഴും അയിത്തം. ഡയറക്ടർ ബോർഡിൽ വനിതകളെ നിയമിക്കാത്തതിന് രാജ്യത്ത് 507 കമ്പനികൾക്ക് പിഴ ഈടാക്കി.
2018-19ൽ 27 കോടി രൂപയാണ് പിഴ ഈടാക്കിയത്. ലിസ്റ്റഡ് കമ്പനികൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.
2013-ലെ കമ്പനി നിയമ പ്രകാരം ഇന്ത്യൻ കമ്പനികളുടെ ബോർഡുകളിൽ ഒരു വനിതാ ഡയറക്‌ടറെയെങ്കിലും ഉണ്ടായിരിക്കണം. 2020 മുതൽ ഇത് നിർബന്ധമാണ്. എന്നിട്ടും മിക്ക കമ്പനികളിലും വനിതകളില്ല.
എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്‌ത പകുതിയോളം സ്ഥാപനങ്ങൾക്ക് ഒരു വനിതാ ഡയറക്‌ടർ മാത്രമാണുള്ളത്. നിരവധി കമ്പനികളിൽ ഒരു ഡയറക്‌ടർ പോലുമില്ല. 262 കമ്പനികൾക്ക് കുറഞ്ഞത് മൂന്നോ അതിലധികമോ വനിതാ ഡയറക്ടർമാരുണ്ട്.
മൊത്തത്തിൽ, 2024 ജനുവരി വരെ വനിതാ ഡയറക്ടർമാരുടെ പ്രാതിനിധ്യം ഉയർന്നിട്ടുണ്ടെങ്കിലും മിക്ക കമ്പനികളിലും സ്ഥിതി ശോചനീയമാണ്. മൊത്തം ഡയറക്ടർമാരുടെ 20 ശതമാനം മാത്രമാണ് വനിത ഡയറക്ടർമാർ.
2020-ൽ കമ്പനി നിയമം പരിഷ്കരിച്ച് വനിത അംഗങ്ങളെ ബോർഡിൽ നിയമിക്കണമെന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനു മുമ്പു വരെ നിയമനം നടത്തിയില്ലെങ്കിൽ ക്രിമിനൽ കുറ്റമല്ലായിരുന്നു.
ഇന്ത്യൻ കമ്പനികളുടെ ബോർഡുകളിൽ ഒരു വനിതാ ഡയറക്‌ടറെ നിർബന്ധമാക്കി ഒരു ദശാബ്ദത്തിന് ശേഷവും സ്ഥിതിയിൽ കാര്യമായ മാറ്റമില്ലാത്തത് സങ്കടകരമാണ്.
എൻഎസ്ഇയിൽ -ലിസ്റ്റുചെയ്ത സ്ഥാപനങ്ങളിൽ 1,195 കമ്പനികൾക്കും ഒരു വനിതാ ഡയറക്‌ടർ മാത്രമാണുള്ളത്.
ഏറ്റവും കൂടുതൽ വനിതാ ഡയറക്ടർമാരുള്ള കമ്പനികളിൽ ഗോദ്‌റെജ് അഗ്രോവെറ്റ്, അപ്പോളോ ഹോസ്പിറ്റൽസ്, ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്‌ട്‌സ്), കമ്മിൻസ് ഇന്ത്യ, ഏഷ്യൻ പെയിൻ്റ്‌സ്, കോൾഗേറ്റ് പാമോലിവ്, പിരമൽ എൻ്റർപ്രൈസസ് തുടങ്ങിയ കമ്പനികളാണുള്ളത്.