ചോളത്തില്‍ നിന്നുള്ള എഥനോളിലേക്ക് മാറാന്‍ എണ്ണക്കമ്പനികൾ ◆ ചൂടൻ എൽ നിനോ: വളം, ട്രാക്ടർ വിൽപ്പന കുത്തനെ ഇടിയുന്നു ◆ 2027ല്‍ ഇന്ത്യന്‍ ഡീസല്‍ കയറ്റുമതി കുതിക്കും ◆ 2030ഓടെ ഇന്ത്യൻ വസ്ത്രവ്യവസായ മേഖല ലക്ഷ്യമിടുന്നത് 350 ബില്യൺ ഡോളർ ◆ കിഴക്കൻ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തിയെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡ് ◆

മാരുതിയ്ക്ക് വിനയായി പശ്ചിമേഷ്യന്‍ സംഘര്‍ഷം; വില്‍പനയില്‍ കുതിപ്പ്; മൊത്തലാഭത്തില്‍ ഇടിവും

ന്യൂഡല്‍ഹി: 2026-27 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ മാരുതി സുസുക്കിയുടെ മൊത്തലാഭത്തില്‍ വന്‍ ഇടിവ്. രണ്ടാം പാദത്തിലെ ഏകീകൃത അറ്റദായം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 26.4 ശതമാനം കുറഞ്ഞ് 2,466.1 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 3,349 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം.

എന്നാല്‍ അറ്റദായം കുറഞ്ഞെങ്കിലും കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 26 ശതമാനം ഉയര്‍ന്ന് 53,355.5 കോടിയായി വര്‍ധിക്കുകയും ചെയ്തു. ആഭ്യന്തര വില്‍പനയിലൂടെയാണ് കമ്പനിക്ക് ഈ നേട്ടമുണ്ടായത്. വില്‍പനയില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായെങ്കിലും ഉയര്‍ന്ന ചെലവുകള്‍ കമ്പനിയുടെ ലാഭത്തെ സാരമായി ബാധിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷവും നിക്ഷേപത്തിലെ ഇടിവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവുമാണ് കമ്പനിക്ക് തിരിച്ചടിയായത്. ചെലവുകള്‍ വര്‍ധിച്ചത് മൂലം കമ്പനിയുടെ പ്രവര്‍ത്തന മാര്‍ജിനിലും നേരിയ തോതില്‍ ഇടിവുണ്ടായിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 12 ശതമാനത്തില്‍ നിന്ന് 8.9 ശതമാനമായി കുറഞ്ഞു.

കമ്പനിയുടെ മൊത്തം ചെലവുകള്‍ ഏകദേശം 30 ശതമാനം ഉയര്‍ന്ന് 50,619 കോടിയിലെത്തി. പ്രത്യേകിച്ചും, അസംസ്‌കൃത വസ്തുക്കളുടെ ഉപഭോഗ ചെലവ് വര്‍ഷം തോറും 48 ശതമാനം വര്‍ധിച്ച് 37,489 കോടിയിലെത്തി. കൂടാതെ ജീവനക്കാരുടെ ചെലവിലും വര്‍ധനവുണ്ടായി. ജീവനക്കാരുടെ ചെലവുകള്‍ 14.5 ശതമാനം വര്‍ധിച്ച് 1,235 കോടിയിലാണ് എത്തിനില്‍ക്കുന്നത്.

അതേസമയം ആഗോളതലത്തില്‍ 6.97 ലക്ഷം യൂണിറ്റുകളാണ് മാരുതി വിറ്റത്. 26.5 ശതമാനം വാര്‍ഷിക വളര്‍ച്ചയും രേഖപ്പെടുത്തി. എസ്‌യുവി വില്‍പനയില്‍ 68 ശതമാനം വര്‍ധനവും ചെറുകാര്‍ വില്‍പനയില്‍ 40 ശതമാനം വര്‍ധനവുമാണ് ഉണ്ടാക്കിയത്.

X
Top