ചോളത്തില്‍ നിന്നുള്ള എഥനോളിലേക്ക് മാറാന്‍ എണ്ണക്കമ്പനികൾ ◆ ചൂടൻ എൽ നിനോ: വളം, ട്രാക്ടർ വിൽപ്പന കുത്തനെ ഇടിയുന്നു ◆ 2027ല്‍ ഇന്ത്യന്‍ ഡീസല്‍ കയറ്റുമതി കുതിക്കും ◆ 2030ഓടെ ഇന്ത്യൻ വസ്ത്രവ്യവസായ മേഖല ലക്ഷ്യമിടുന്നത് 350 ബില്യൺ ഡോളർ ◆ കിഴക്കൻ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തിയെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡ് ◆

ഇന്ത്യയില്‍ ഏറ്റെടുക്കലിന് ഒരുങ്ങി യുഎഇയിലെ ഫസ്റ്റ് അബുദാബി ബാങ്ക്

കൊച്ചി: കേരളം ആസ്ഥാനമായുള്ള ഒരു ബാങ്കിനെ ഏറ്റെടുക്കാന്‍ ശ്രമങ്ങളുമായി ഫസ്റ്റ് അബുദാബി ബാങ്ക്. ബന്‍ധന്‍ ബാങ്കുമായും കേരളം ആസ്ഥാനമായുള്ള ഒരു ബാങ്കുമായും ഫസ്റ്റ് അബുദാബി ബാങ്ക് ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതായാണ് വിവരം.

എന്നാല്‍, ഏറ്റെടുക്കല്‍ സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമൊന്നും ഉണ്ടായിട്ടില്ല. നിലവില്‍ ബുക്ക് വാല്യൂവിനേക്കാള്‍ താഴെ ഓഹരി വിലയുള്ളതും, മികച്ച നെറ്റ്വര്‍ക്കുള്ളതുമായ ബാങ്കുകളാണ് പരിഗണനയിലുള്ളത്.

ബന്‍ധന്‍ബാങ്ക് കൂടാതെ കേരളം ആസ്ഥാനമായ സി.എസ്.ബി, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകളെല്ലാം നിലവില്‍ ബുക്ക് വാല്യൂവിലോ അതിനു താഴെയോ ആണ്. എങ്കിലും ഈ എല്ലാ ബാങ്കുകളെയും എഫ്.എ.ബി ലക്ഷ്യമിടുന്നു എന്ന് ഇതിനര്‍ത്ഥമില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഏറ്റെടുക്കല്‍ പദ്ധതി നടപ്പായാല്‍ ബാങ്കില്‍ 51 ശതമാനം ഭൂരിപക്ഷ ഓഹരി ഉടമസ്ഥത നേടാനാണ് ഫസ്റ്റ് അബുദാബി ബാങ്കിന് താല്‍പര്യം.

മിഡില്‍ ഈസ്റ്റിന് പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എഫ്.എ.ബിയുടെ ഈ നീക്കം. മുംബൈയിലും ഗിഫ്റ്റ് സിറ്റിയിലുമായി എഫ്.എ.ബിക്ക് ഇതിനകം രണ്ട് ശാഖകളുണ്ട്.

എഫ്.സി.എന്‍.ആര്‍-ബി നിക്ഷേപങ്ങളിലൂടെ ഏകദേശം 150 കോടി ഡോളര്‍ സമാഹരിക്കാനും ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. ബാങ്കുകളെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് എഫ്എബി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇടപാട് എപ്പോള്‍ നടക്കും?
ഉടന്‍ തന്നെ ധാരണയാകില്ലെങ്കിലും, നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെയോ അല്ലെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലോ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായേക്കാം.

വിലയുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താനാണ് ബാങ്കിന്റെ തീരുമാനം. മിതമായ നിരക്കില്‍ ബാങ്കിങ് ലൈസന്‍സ് സ്വന്തമാക്കുന്നതിനൊപ്പം, മികച്ച ഹോള്‍ഡിങ് ഘടനയുള്ളതും തങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതുമായ സ്ഥാപനങ്ങളെയാണ് എഫ്.എ.ബി ഇതിനായി തിരയുന്നത്.

X
Top