
പാലക്കാട്: സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്കെന്ന് വ്യക്തമാക്കി വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. ഡാമുകളിൽ വെള്ളമില്ലാത്തത് വലിയ പ്രതിസന്ധിയാണെന്നും ലോഡ് ഷെഡ്ഡിങ് ആവശ്യമാണോ എന്നത് ഈ മാസം 21-ന് നടക്കുന്ന ഉന്നതതല യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
മഴ ഒഴിഞ്ഞതോടെ കർക്കിടകത്തിൽ വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിച്ചു. രാത്രി 10-നും 11-നും ഇടയിലാണ് ഏറ്റവും കൂടുതല് ഉപയോഗം. ഓഗസ്റ്റ് 11-ന് 4147 മെഗാവാട്ട് വെദ്യുതി ഉപയോഗമാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 3613 മെഗാവാട്ട് മാത്രമായിരുന്നു ഉപയോഗം. വീടുകളിൽ എ.സി.യുടെ ഉപയോഗവും വർധിച്ചു. ഒപ്പം, കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിച്ചിരുന്ന മൂന്ന് താപ വൈദ്യുതി കരാറുകൾ റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയിരുന്നു. യുണിറ്റിന് 4 രൂപ 29 പൈസയ്ക്ക് ലഭിച്ചിരുന്ന 465 മെഗാവാട്ട് വൈദ്യുതികളാണ് ഇല്ലാതായത്. 25 വർഷത്തേക്ക് വൈദ്യുതി ലഭിക്കേണ്ട കരാറാണ് റദ്ദാക്കപ്പെട്ടത്.
സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് താഴുകയാണ്. കാലവർഷത്തെ മഴക്കുറവും വൈദ്യുതി ഉത്പാദനം വർധിച്ചതുമാണ് പ്രധാനകാരണം. ഇടുക്കി അണക്കെട്ട് അടക്കമുള്ള പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് മുൻവർഷത്തെക്കാൾ കുറഞ്ഞു.
നിലവിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് 2331.84 അടി ആണ്. കഴിഞ്ഞ വർഷത്തെക്കാൾ ഏതാണ്ട് 54 അടി വെള്ളം കുറവാണ്. ഇടമലയാറിൽ വൈദ്യുതി ഉത്പാദനം വെട്ടിക്കുറച്ചു.
പ്രതിസന്ധി രൂക്ഷമായതോടെ വൈദ്യുതി പുറത്തു നിന്ന് വാങ്ങേണ്ടി വരും എന്നാണ് കെഎസ്ഇബിയുടെ വിലയികുത്തൽ.