2050 ആകുമ്പോള്‍ ലോകം വലിയ ജലപ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വേള്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പഠന റിപ്പോര്‍ട്ട്.
അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നിരീക്ഷണമനുസരിച്ച് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ 2050 ആകുമ്പോള്‍ ജലസമ്മര്‍ദം ശക്തമാകും.
ഇന്ത്യ, സൗദി അറേബ്യ, ഇറാന്‍, ഇറാഖ്, ഈജിപ്ത്, ലിബിയ, അല്‍ജീരിയ, സ്പെയിന്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ 80 ശതമാനം ജലാവശ്യകത കൂടുതലുണ്ടാകും.
അതിനനുസരിച്ചുള്ള ജലസ്രോതസ്സുകള്‍ ഇല്ലാത്ത സ്ഥിതിയാകും ഉണ്ടാകുന്നത്. 40 മുതല്‍ 80 ശതമാനം വരെ ജലാവശ്യകതയുണ്ടാകുന്നത് ഓസ്ട്രേലിയ, മംഗോളിയ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, മാലി, മെക്സിക്കോ, പെറു, ബൊളീവിയ, പോളണ്ട്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലായിരിക്കും.
ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് 240 കോടി ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമല്ല. 164 രാജ്യങ്ങളിൽ നടത്തിയ പഠനഫലമനുസരിച്ച്, 54 രാജ്യങ്ങളില്‍ ജലപ്രതിസന്ധിയുണ്ട്. ലോക ജനസംഖ്യയുടെ 31 ശതമാനം പേരും ജലദൗർലഭ്യം മൂലം ദുരിതമനുഭവിക്കുന്നവരാണ്.
ലോകജനസംഖ്യയുടെ 18 ശതമാനം അധിവസിക്കുന്ന ഇന്ത്യയില്‍, ലോകത്തെ ജലവിഭവത്തിന്‍റെ 4 ശതമാനം മാത്രമ ലഭ്യമാകുന്നുള്ളൂ. രൂക്ഷമായ ജലപ്രതിസന്ധി വരാനിരിക്കുന്ന 17 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 13 ആണ്.
ഇന്ത്യയില്‍ 2030 മുതല്‍ ജലപ്രതിസന്ധി വലിയ തോതില്‍ ആരംഭിക്കുമെന്നും 2050 എത്തുമ്പോള്‍ ഗുരുതരമാകുമെന്നും ലോകബാങ്ക് പഠനങ്ങളിലും പറയുന്നുണ്ട്. ആഗോളതാപനത്തിന്‍റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാമാറ്റം പ്രധാനപ്പെട്ട ഒരു കാര്യമാണ്.
അമിതമായ ഭൂജല ചൂഷണം കാരണം ജലത്തിന്‍റെ അളവില്‍ വലിയ കുറവാണുണ്ടാകുന്നത്. കേരളം ഒഴികെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും കുടിവെള്ളത്തിനുള്‍പ്പെടെ പ്രധാനമായും ആശ്രയിക്കുന്നത് ഭൂഗർഭജലത്തെയാണ്. കേരളത്തില്‍ പൊതുകുടിവെള്ള വിതരണത്തിന്‍റെ പ്രധാന സ്രോതസ് ഉപരിതല ജലമായ നദികളും മറ്റുമാണ്.
ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഭൂജലത്തില്‍ ആഴ്സനിക്കിന്‍റെ സാന്നിധ്യം വളരെയേറെയാണ്. വേനല്‍ക്കാലത്തു ജലം കുറയുന്നതോടൊപ്പം ഇരുമ്പിന്റെ അംശം, കലക്കല്‍, പിഎച്ച് മൂല്യത്തിലെ വ്യത്യാസം തുടങ്ങിയവയും പ്രധാന പ്രശ്നമാണ്.
ഭൂഗർഭജല സ്രോതസ്സുകൾ അമിതമായി ഉപയോഗിക്കുന്നത് ജലദൃതത്തിന്‍റെ (Water Aquifer) സന്തുലിതാവസ്ഥയ്ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാന്‍, സാധ്യതയുണ്ട്. ഭൂഗര്‍ഭജലം പൂർണമായും എടുക്കുന്നതും ശാസ്ത്രീയമായി ശരിയല്ല.
സമഗ്രവും ശാസ്ത്രീയവും പ്രാദേശികവുമായ മണ്ണ്, ജല, ജൈവസംരക്ഷണ പരിപാടികള്‍ ആവശ്യമാണ്. കൃത്രിമ ഭൂജല പരിപോഷണ പരിപാടികള്‍ കൂടുതല്‍ വ്യാപകമാക്കണം. മഴവെള്ള സംഭരണവും നീര്‍ത്തടാധിഷ്ഠിത വികസനപരിപാടികളും കൂടുതലായി നടപ്പിലാക്കണം.
ഭൂജലത്തിന്‍റെ ഉപരിതല വാട്ടര്‍ റിസര്‍വോയറുകളായ നദികളും തോടുകളും വയലുകളും കാടും മറ്റ് ജലസംഭരണ, സംരക്ഷണ സ്രോതസ്സുകളുമെല്ലാം പരമാവധി സംരക്ഷിക്കപ്പെടണം ഭൂജലത്തെ നിക്ഷേപമായി കണ്ട് കൈകാര്യം ചെയ്യണം.
ശുദ്ധജലത്തിന്‍റെ അച്ചടക്കത്തോടുകൂടിയുള്ള വിനിയോഗം പ്രധാന അജൻഡയായി മാറണം. വരാനിരിക്കുന്നത് ശുഭ വാര്‍ത്തകളല്ല.
ജലപ്രതിസന്ധിയുടെ പുതിയ കാലത്തെ കണ്ടറിഞ്ഞു കൊണ്ടുള്ള പരിപാടികള്‍ അനിവാര്യമാണ്.