
മുംബൈ: അന്താരാഷ്ട്ര വിപണികളില്‍ ഇന്ത്യന്‍ തേയില ഇനങ്ങളുടെ ജൈത്രയാത്ര തുടരുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ തേയില കയറ്റുമതി മേഖല 93 ശതമാനത്തിന്റെ വിപ്ലവകരമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ വെറും 4,509 കോടി രൂപയായിരുന്ന കയറ്റുമതി വരുമാനം, ഇപ്പോള്‍ 8,719 കോടി രൂപയെന്ന ചരിത്ര നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര തേയില ദിനത്തില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് രാജ്യത്തിന്റെ ഈ അഭിമാനകരമായ സാമ്പത്തിക നാഴികക്കല്ല് പുറത്തുവിട്ടത്.
ചായ വെറുമൊരു പാനീയമല്ല, മറിച്ച് ഒരു വികാരമാണെന്ന് മന്ത്രി പീയൂഷ് ഗോയല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ കുറിച്ചു. ഇന്ത്യയിലുടനീളം ദൈനംദിന ജീവിതത്തിന്റെയും സംഭാഷണങ്ങളുടെയും പാരമ്പര്യങ്ങളുടെയും ഭാഗമാണ് ചായയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന തേയില ഇനങ്ങളെയും അവയുടെ ഉത്പാദന മേഖലകളെയും പരിചയപ്പെടുത്തുന്ന പ്രത്യേക ഇന്‍ഫോഗ്രാഫിക്സും അദ്ദേഹം പങ്കുവെച്ചു. ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യന്‍ തേയിലയുടെ സമ്പന്നത ആഗോള വിപണിയില്‍ എത്തിക്കുന്നതിനും ടീ ബോര്‍ഡ് ഓഫ് ഇന്ത്യ നടത്തുന്ന നിരന്തര ശ്രമങ്ങളാണ് ഈ വന്‍ വിജയത്തിന് പിന്നില്‍.
ഇന്ത്യയുടെ തനത് പ്രാദേശിക തേയില ഇനങ്ങള്‍ക്ക് ലഭിക്കുന്ന ആഗോള അംഗീകാരമാണ് ഈ വരുമാന വളര്‍ച്ചയ്ക്ക് പ്രധാന കാരണം. ഇതില്‍ ഭൂരിഭാഗം തേയിലക്കും ഭൂമിശാസ്ത്രപരമായ സൂചിക (ജിഐ) ടാഗ് ലഭിച്ചിട്ടുണ്ട്.
പാരമ്പരാഗത കേന്ദ്രങ്ങള്‍ക്ക് പുറമെ ത്രിപുര, ബീഹാര്‍, കര്‍ണാടക, ഉത്തരാഖണ്ഡ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവടങ്ങളിലേക്കും ഇപ്പോള്‍ തേയില കൃഷി വ്യാപകമായിട്ടുണ്ട്. ഡൂവാര്‍സ്-ടെറായി പോലുള്ള പ്രത്യേക പ്രദേശങ്ങളിലെ സമ്പന്നമായ സസ്യജന്തുജാലങ്ങള്‍ക്കിടയില്‍ വളരുന്ന രുചിയുള്ള തേയിലയും വിപണിയില്‍ ഏറെ ശ്രദ്ധേയമാണ്.
ഡാര്‍ജിലിംഗ് കുന്നുകള്‍ മുതല്‍ അസം താഴ്വരകളും നീലഗിരിയും വരെ നീളുന്ന ഇന്ത്യയിലെ ഓരോ പ്രദേശത്തെയും തേയിലക്ക് വ്യത്യസ്തമായ രുചിയും സുഗന്ധവുമാണുള്ളത്.
അതിലോലമായ മസ്‌കറ്റല്‍ രുചിയുള്ള ഡാര്‍ജിലിംഗ് ചായയും, വേറിട്ട രുചിയുള്ള അസം ചായയും ആഗോള വിപണി കീഴടക്കുമ്പോള്‍, ദക്ഷിണേന്ത്യയില്‍ നിന്നുള്ള നീലഗിരി ചായ അതിന്റെ സുഗന്ധം കൊണ്ട് വിദേശികളെ ആകര്‍ഷിക്കുന്നു. കാംഗ്ര താഴ്വരയിലെ വ്യത്യസ്തമായ തേയിലയും അന്താരാഷ്ട്ര വാങ്ങലുകാരുടെ പ്രിയപ്പെട്ട ഇനങ്ങളായി മാറിയിരിക്കുകയാണ്.






