
മുംബൈ: കനേഡിയൻ പെൻഷൻ ഫണ്ടായ സിഡിപിക്യു ഇൻഡസ് ടവേഴ്‌സിലെ വോഡഫോണിന്റെ ശേഷിക്കുന്ന ഓഹരികൾ ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. 2022 ഓഗസ്റ്റ് 19 ന് ഒരു ദേശിയ മാധ്യമാണ് ഇത് റിപ്പോർട്ട് ചെയ്തത്. ടെലികോം ഓപ്പറേറ്റർമാർക്കും മറ്റ് വയർലെസ് സേവന ദാതാക്കൾക്കും അടിസ്ഥാന സൗകര്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ ടവർ ഇൻസ്റ്റാളേഷൻ കമ്പനിയാണ് ഇൻഡസ് ടവേഴ്സ്.
ഓഹരി വിൽപ്പന പ്രക്രിയയുമായി മുന്നോട്ട് പോകാൻ രണ്ട് കമ്പനികളും മാനേജ്‌മെന്റ് മീറ്റിംഗുകൾ നടത്താൻ ഒരുങ്ങുന്നതായി സ്വകാര്യ സ്രോതസ്സുകളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഔപചാരിക നടപടി ക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അതേസമയം ചർച്ചകൾ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും, അവ ഒരു ഇടപാടിലേക്ക് നയിക്കപ്പെടുമെന്നതിന് യാതൊരു ഉറപ്പുമില്ലെന്ന് മറ്റൊരു ഉറവിടം വെളിപ്പെടുത്തി. എന്നാൽ ഈ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ സിഡിപിക്യു, വൊഡാഫോൺ എന്നിവയുടെ വക്താക്കൾ തയ്യാറായില്ല.
ടവർ കമ്പനിയുടെ നിലവിലെ വിപണി മൂലധനമായ 53,669 കോടിയുടെ അടിസ്ഥാനത്തിൽ ഏകദേശം 11,270 കോടി രൂപയാണ് ഇൻഡസിലെ വോഡഫോണിന്റെ ഓഹരി മൂല്യം. ഇത് ഓഹരി മൂലധനത്തിന്റെ ഏകദേശം 21% വരും. ഭാരതി എയർടെൽ, വോഡഫോൺ ഗ്രൂപ്പ് എന്നിവയുടെ സംയുക്ത സംരംഭമാണ് ഇൻഡസ് ടവേഴ്സ്. കമ്പനിയുടെ പ്രമോട്ടറായ ഭാരതി എയർടെല്ലിന് ഇൻഡസിൽ 41.73 ശതമാനം ഓഹരിയുണ്ട്.