
തിരുവനന്തപുരം∙ ഇന്ത്യയിൽ ഏറ്റവും വേഗം 10 ലക്ഷം ടിഇയു ചരക്കു കൈകാര്യം ചെയ്തെന്ന നേട്ടത്തോടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ വാണിജ്യ പ്രവർത്തനം ഇന്നലെ ഒരു വർഷം പൂർത്തിയാക്കി. വിഴിഞ്ഞത്തിന്റെ മുന്നേറ്റം കേരളത്തിനും തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന അദാനി പോർട്സിനും വൻ നേട്ടമാണ്. ഇതുവരെ 13.2 ലക്ഷം ടിഇയു കൈകാര്യം ചെയ്ത വിഴിഞ്ഞത്ത് 615 ചരക്കുകപ്പലുകൾ എത്തി. 399 മീറ്ററിലധികം നീളമുള്ള 41 അൾട്രാ ലാർജ് കണ്ടെയ്നർ വെസൽ (യുഎൽസിവി) അടക്കമുള്ള വമ്പൻ കപ്പലുകൾ ഇക്കൂട്ടത്തിലുണ്ട്.
300 മീറ്ററിൽ കൂടുതൽ നീളമുള്ള 154 കപ്പലും 16 മീറ്ററിൽ കൂടുതൽ ആഴമുള്ള 45 കപ്പലുകളും ഇതിൽപെടുന്നു. 17.1 മീറ്റർ ആഴമുള്ള എംഎസ്‍സി വെറോണ എത്തിയതോടെ ദക്ഷിണേന്ത്യയിൽ കൈകാര്യം ചെയ്തതിൽ ഏറ്റവും ആഴമുള്ള കപ്പൽ എത്തിയെന്ന റെക്കോർഡും വിഴിഞ്ഞത്തിനു സ്വന്തമാക്കാനായി. ഇതിനിടയിൽ ഇമിഗ്രേഷൻ ചെക് പോസ്റ്റ് അനുമതിയും ലഭിച്ചു.
പശ്ചാത്തല സൗകര്യ പദ്ധതികൾ പൂർത്തിയാക്കാനോ, അനുബന്ധ വികസന പദ്ധതികളൊന്നും ആരംഭിക്കാനോ സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നതു കല്ലുകടിയായി. റോഡ്, റെയിൽ കണക്ടിവിറ്റി എവിടെയും എത്തിയിട്ടില്ല. കപ്പലിൽ എത്തുന്ന കണ്ടെയ്നർ മറ്റൊരു കപ്പലിലേക്കു കയറ്റുകയോ, ഇറക്കുകയോ ചെയ്യുന്ന ട്രാൻസ്ഷിപ്മെന്റ് പ്രക്രിയ മാത്രമാണു വിഴിഞ്ഞത്ത് ഇപ്പോഴും നടക്കുന്നത്. തുറമുഖ നടത്തിപ്പുകാരായ അദാനി പോർട്സിനു വരുമാനം ലഭിക്കുന്നുണ്ടെങ്കിലും കണ്ടെയ്നറുകളൊന്നും പുറത്തേക്കു നീങ്ങാത്തതിനാൽ സർക്കാരിനോ, സംസ്ഥാനത്തിനോ നേട്ടമുണ്ടാക്കാനാകുന്നില്ല.
വിഴിഞ്ഞം രാജ്യാന്തര തുറമുഖം ചരിത്ര നേട്ടങ്ങളുടെ ഒരു വർഷമാണു പിന്നിടുന്നത്. ഈ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. ഗേറ്റ് വേ ചരക്കു നീക്കം കൂടി ആരംഭിക്കുന്നതോടെ വിഴിഞ്ഞത്തിന്റെ പ്രാധാന്യം ഇനിയും വർധിക്കും.
