ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നു

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധം കനത്തതോടെ കേരളത്തിന്റെ കയറ്റുമതി മേഖലയും കടുത്ത സമ്മര്‍ദ്ദത്തില്‍. കേരളത്തില്‍ നിന്നുള്ള പഴങ്ങളുടെയും പച്ചക്കറിയുടെയും വലിയ വിപണിയായിരുന്നു ഗള്‍ഫ് രാജ്യങ്ങള്‍. വിമാന സര്‍വീസുകള്‍ താറുമാറായതോടെ കയറ്റുമതി നിലച്ചിരിക്കുകയാണ്.

കയറ്റിയയ്ക്കാന്‍ വിമാനത്താവളങ്ങളില്‍ എത്തിച്ച പച്ചക്കറികള്‍ കെട്ടിക്കിടക്കുകയാണ്. ഇവ കയറ്റിയയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന് കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി പറഞ്ഞു.

സാധാരണഗതിയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഓരോ മാസവും 1,600 ടണ്‍ വരെ പഴം പച്ചക്കറികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറി പോകുന്നുണ്ട്. കോഴിക്കോട് നിന്ന് 1,100-1,300 ടണ്‍ ആണ് കയറ്റുമതി. വിഷുവും ഓണവും അടക്കമുള്ള സമയങ്ങളില്‍ കയറ്റുമതി വന്‍തോതില്‍ ഉയരും. ഗള്‍ഫില്‍ പ്രതിസന്ധി ശക്തമായതോടെ സൗദി അറേബ്യയും ഖത്തറും യുഎഇയും അടക്കമുള്ള രാജ്യങ്ങള്‍ കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടെന്ന് മുര്‍ഷിദ് അലി പറയുന്നു.

കാര്‍ഷികമേഖലയ്ക്ക് തിരിച്ചടി
കേരളത്തിലെ കര്‍ഷകര്‍ക്ക് വലിയ വിപണിയായിരുന്നു ഗള്‍ഫ് മേഖല. കയറ്റുമതിക്ക് മാത്രമായി കൃഷി ചെയ്യുന്ന കര്‍ഷകര്‍ പോലും കേരളത്തിലുണ്ട്. ഗള്‍ഫിലേക്കുള്ള കയറ്റുമതി അനിശ്ചിതത്വത്തിലായതോടെ പ്രാദേശിക മാര്‍ക്കറ്റില്‍ കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കേണ്ട സ്ഥിതിയാണ്. വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്ന പച്ചക്കറികളും ഇത്തരത്തില്‍ വിലകുറച്ച് കേരളത്തില്‍ തന്നെ വില്‌ക്കേണ്ടി വരും.

സംഘര്‍ഷം നീണ്ടുനിന്നാല്‍ വിഷു കയറ്റുമതി ഉള്‍പ്പെടെ വേണ്ടെന്നു വയ്‌ക്കേണ്ടി വരുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കയറ്റുമതിക്കാര്‍ക്കും കര്‍ഷകര്‍ക്കും വലിയ നഷ്ടമാകും സംഭവിക്കുക. എളുപ്പത്തില്‍ കേടായി പോകുന്ന ഉത്പന്നങ്ങളായതിനാല്‍ കൂടുതല്‍ കാലം ശേഖരിച്ചു വയ്ക്കാന്‍ സാധിക്കുകയുമില്ല.

ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബര്‍ ഒന്‍പത് മാസ കാലയളവില്‍ യുഎഇയിലേക്ക് 1,806.82 കോടിയുടെയും സൗദി അറേബ്യയിലേക്ക് 283.69 കോടിയുടെയും പഴം, പച്ചക്കറികളാണ് കേരളത്തില്‍ നിന്ന് അയച്ചത്. റംസാന്‍ മാസമായതിനാല്‍ കയറ്റുമതിയില്‍ വലിയ കുതിപ്പുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

യൂറോപ്പിലേക്കുള്ള പഴം, പച്ചക്കറി കാര്‍ഗോകള്‍ ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ വഴിയാണ് കടന്നുപോകുന്നത്. തല്‍ക്കാലം ഇത്തരം കയറ്റുമതികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഖത്തര്‍ എയര്‍വേഴ്‌സും ഫ്‌ളൈ എമിറേറ്റ്‌സും കയറ്റുമതിക്കാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

X
Top