പെട്രോൾ, ഡീസൽ വില വർദ്ധിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ആർബിഐ ഗവർണർഇന്ത്യ-യുഎസ് വ്യാപാര കരാർ: ആദ്യ ഘട്ടം ജൂലൈ പകുതിയോടെ ഒപ്പുവെച്ചേക്കുംരൂപയുടെ മൂല്യം മൂന്നക്കത്തിലേക്ക് ഇടിഞ്ഞേക്കുമെന്ന ആശങ്കകളെ തള്ളിക്കളഞ്ഞ് ഷാമിക രവിപാചക എണ്ണയുടെ വിൽപ്പനയിൽ വമ്പൻ മാറ്റം നടപ്പിലാക്കി കേന്ദ്രസർക്കാർസാമ്പത്തിക രംഗത്ത് കൂടുതൽ‍ ഇടപെടലുകൾക്ക് കേന്ദ്രസർക്കാർ

പശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില

  • ബ്രെന്റ് ക്രൂഡ് വില 82 ഡോളർവരെ കയറി

മുംബൈ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ആഗോളവിപണിയിൽ അസംസ്കൃത എണ്ണവില കുതിക്കുന്നു. ഇറാനിലെ പരമോന്നതനേതാവ് അയത്തുള്ള അലി ഖമീനി കൊല്ലപ്പെട്ടതിനുപിന്നാലെ തിങ്കളാഴ്ച അസംസ്കൃത എണ്ണവിലയിൽ പത്തുശതമാനം വിലവർധന രേഖപ്പെടുത്തി. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 82 ഡോളർ വരെയെത്തി.

വീപ്പയ്ക്ക് 9.13 ഡോളറാണ് ഒറ്റദിവസം ഉയർന്നത്. പിന്നീടിത് കുറഞ്ഞ് 79.42 ഡോളറിലെത്തി. ഈ നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അമേരിക്കൻ എണ്ണയായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില വീപ്പയ്ക്ക് 72.28 ഡോളറിലാണ്. അന്താരാഷ്ട്ര എണ്ണനീക്കത്തിൽ നിർണായകസ്ഥാനമുള്ള ഹോർമുസ് കടലിടുക്കിൽ മൂന്ന് എണ്ണക്കപ്പലുകൾക്കുനേരേ ആക്രമണമുണ്ടായെന്ന റിപ്പോർട്ടുകളാണ് എണ്ണവിപണിയെ ചൂടുപിടിപ്പിക്കുന്നത്.

പ്രകൃതിവാതകവിലയിൽ 25 ശതമാനം വരെയാണ് വർധന. ഇറാനു തെക്കുള്ള ഹോർമുസ് കടലിടുക്കുവഴി എണ്ണക്കപ്പലുകൾ പോകരുതെന്ന് ഇറാൻ മുന്നറിയിപ്പുനൽകിയിട്ടുണ്ട്. ആഗോള എണ്ണ-വാതക നീക്കത്തിന്റെ 20 ശതമാനംവരെ ഈ കടലിടുക്കുവഴിയാണ്. സംഘർഷം അന്താരാഷ്ട്ര എണ്ണനീക്കത്തെ കാര്യമായി ബാധിച്ചു.

അതിനിടെ സൗദി അറേബ്യയുടെ ഏറ്റവും വലിയ എണ്ണ സംസ്കരണ ശാലയായ ആരാംകോയുടെ റാസ് തനൂറ കേന്ദ്രത്തിൽ ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. തുടർന്ന്, റിഫൈനറിയുടെ പ്രവർത്തനം നിർത്തിവെച്ചതായി സൗദി അറിയിച്ചു. ദിവസം 5.5 ലക്ഷം വീപ്പ എണ്ണ സംസ്കരിക്കാൻ ശേഷിയുള്ളതാണ് കേന്ദ്രം. കേന്ദ്രത്തിൽ തീ ചെറിയതോതിൽ മാത്രമാണുള്ളതെന്നാണ് റിപ്പോർട്ടുകൾ.

സംഘർഷസ്ഥിതി തുടർന്നാൽ എണ്ണവില വീപ്പയ്ക്ക് 100 കടക്കാനുള്ള സാധ്യത ശക്തമാണെന്ന് വിദഗ്‌ധർ പറയുന്നു. അതിനിടെ എണ്ണയുത്പാദനം ഉയർത്താൻ ഞായറാഴ്ച ചേർന്ന എണ്ണയുത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് തീരുമാനിച്ചു. ദിവസം 2.06 ലക്ഷം വീപ്പയുടെ വർധനയാണ് വരുത്തുക. യു.എ.ഇ. ഉൾപ്പെടെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന ആക്രമണം എണ്ണവിപണിയിൽ കൂടുതൽ തടസ്സങ്ങളുണ്ടാകാൻ കാരണമായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

അസംസ്കൃത എണ്ണവിലയിൽ പത്തുഡോളറിന്റെ വർധനയുണ്ടായാൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയിൽ 0.3 ശതമാനം മുതൽ 0.5 ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് കണക്ക്. പണപ്പെരുപ്പത്തിൽ 0.4 ശതമാനം വരെ വർധനയ്ക്കും ഇതു കാരണമാകാം. സംഘർഷസ്ഥിതി നീണ്ടാൽ ഇന്ത്യ റഷ്യയിൽനിന്ന് കൂടുതൽ എണ്ണവാങ്ങാനുള്ള സാധ്യത ശക്തമാണ്.

നിലവിൽ 70 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണശേഖരം ഇന്ത്യക്കുണ്ട്. എന്നാൽ, ഇത്‌ തീരുന്നതുവരെ ഇന്ത്യ കാത്തുനിൽക്കില്ല. അതിനുമുന്നേ ഇന്ത്യൻ എണ്ണവിതരണക്കമ്പനികൾ പുതിയ സ്രോതസ്സുകൾ തേടിയേക്കാമെന്നാണ് വിലയിരുത്തൽ. ഏതാനും ആഴ്ചയായി ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ഉയർത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

X
Top