
മുംബൈ: വേദാന്ത ലിമിറ്റഡ് 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മികച്ച സാമ്പത്തിക പ്രകടനം കൈവരിച്ചു. ജൂൺ 30-ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 152 ശതമാനം വർധിച്ച് 5,294 കോടി രൂപയായി.
ഈ പാദത്തിൽ കമ്പനിയുടെ വരുമാനം 51 ശതമാനം ഉയർന്ന് 23,456 കോടി രൂപയിലെത്തി. പ്രവർത്തന ലാഭം 98 ശതമാനം വർധിച്ച് 8,469 കോടി രൂപയായി. ഒന്നിലധികം ബിസിനസ് വിഭാഗങ്ങളിലെ റെക്കോർഡ് പ്രവർത്തന മികവും ഉയർന്ന മാർജിനുകളും ശക്തമായ പണലഭ്യതയുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കമ്പനി അറിയിച്ചു.
ദീർഘകാല വളർച്ചാ പദ്ധതികൾക്കായി വേദാന്ത 1,148 കോടി രൂപയുടെ മൂലധനച്ചെലവ് നടത്തി. മൂലധന വിനിയോഗത്തിലുള്ള ആദായം ഏകദേശം 29 ശതമാനമായി മെച്ചപ്പെട്ടു. ആദ്യ പാദാവസാനത്തിൽ കമ്പനിയുടെ അറ്റക്കടം 8,299 കോടി രൂപയും പ്രവർത്തന ലാഭ അനുപാതം 0.3 മടങ്ങുമാണ്. 19,992 കോടി രൂപയുടെ പണവും തത്തുല്യ ആസ്തികളും കമ്പനി കൈവശം വച്ചിട്ടുണ്ട്. ക്രിസില്‍, ഐഎസ്ആർഎ എന്നിവ വേദാന്തയുടെ ക്രെഡിറ്റ് റേറ്റിംഗ് എഎ+ /സ്റ്റേബിൾ ആയി ഉയർത്തി.
പ്രവർത്തന രംഗത്തും വിവിധ ബിസിനസ് വിഭാഗങ്ങൾ മികച്ച നേട്ടം കൈവരിച്ചു. സിങ്ക് ഇന്ത്യ എക്കാലത്തെയും ഉയർന്ന ആദ്യ പാദ ഉൽപ്പാദനമായ 268 കിലോടൺ രേഖപ്പെടുത്തി. എഫ്എസിആർ റെക്കോർഡ് അയിര് ഉൽപ്പാദനത്തിന്റെ പിന്തുണയോടെ എക്കാലത്തെയും ഉയർന്ന ത്രൈമാസ പ്രവർത്തന ലാഭം നേടി. ചെമ്പ് ബിസിനസ് കഴിഞ്ഞ എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ആദ്യ പാദ വിൽപ്പനയും രേഖപ്പെടുത്തി.






