
ന്യൂഡൽഹി: 1952-ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്‍ഡ് മിസെലനിയസ് പ്രൊവിഷന്‍സ് ആക്ട് സെക്ഷന്‍ 14B, 2020-ലെ സാമൂഹ്യസുരക്ഷാ കോഡ് സെക്ഷന്‍ 128 എന്നിവ പ്രകാരം ഒടുക്കേണ്ട പിഴത്തുക കുറഞ്ഞ നിരക്കില്‍ തീര്‍പ്പാക്കാന്‍ യോഗ്യതയുള്ള സ്ഥാപനങ്ങള്‍ക്ക് ഒറ്റത്തവണ അവസരവുമായി കേന്ദ്ര ഗവണ്‍മെന്റ് ‘വിശ്വാസ് 2026’ പദ്ധതി പ്രഖ്യാപിച്ചു. 2026 ജൂണ്‍ 29 മുതല്‍ പ്രാബല്യത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
താഴെ നല്‍കിയിരിക്കുന്ന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നതും പദ്ധതിയുടെ പരിധിയില്‍ വരുന്നതുമായ സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും:
സെക്ഷന്‍ 14B പ്രകാരമുള്ള ഉത്തരവുകള്‍ സിജിഐടി / ഹൈക്കോടതി / സുപ്രീം കോടതി എന്നിവയ്ക്ക് മുന്നില്‍ ചോദ്യം ചെയ്യപ്പെട്ടവ (നിലവില്‍ കോടതി നടപടികള്‍ തുടരുന്ന കേസുകള്‍).
സെക്ഷന്‍ 14B പ്രകാരം ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടും പിഴത്തുക പൂര്‍ണമായോ ഭാഗികമായോ അടയ്ക്കാതിരിക്കുന്നവ.
സെക്ഷന്‍ 14B പ്രകാരം നോട്ടീസ് ലഭിച്ചിട്ടും അന്തിമ ഉത്തരവ് പുറപ്പെടുവിക്കാത്തവ.
വീഴ്ചകള്‍ കണ്ടെത്തിയിട്ടും നിയമത്തിലെ സെക്ഷന്‍ 14B / കോഡിലെ സെക്ഷന്‍ 128 പ്രകാരം ഇതുവരെ നോട്ടീസുകള്‍ പുറപ്പെടുവിക്കാത്തവ.
വീഴ്ച വരുത്തിയ കാലയളവനുസരിച്ച് പ്രതിവര്‍ഷം 25% വരെ സാധാരണ നിരക്കിന് പകരം പ്രതിമാസം 0.25% മുതല്‍ 1.00% വരെ കുറഞ്ഞ നിരക്കില്‍ പിഴത്തുക ഒടുക്കാന്‍ പദ്ധതി അവസരമൊരുക്കുന്നു. വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതല്‍ ആറ് മാസത്തേക്ക് മാത്രം പരിമിതപ്പെടുത്തിയിരിക്കുന്ന സമയബന്ധിത പദ്ധതിയാണിത്.
താഴെ നല്‍കിയിരിക്കുന്ന കേസുകളെ ‘വിശ്വാസ് 2026’ പദ്ധതിയില്‍ നിന്ന് പ്രത്യേകം ഒഴിവാക്കിയിട്ടുണ്ട്:
പിഴത്തുക ഇതിനകം പൂര്‍ണമായി ഈടാക്കിക്കഴിഞ്ഞ സ്ഥാപനങ്ങള്‍.
തട്ടിപ്പ്, പണം വകമാറ്റല്‍, രേഖകളില്‍ മനഃപൂര്‍വം തിരിമറി നടത്തല്‍ എന്നിവ ഉള്‍പ്പെട്ട കേസുകള്‍.
തര്‍ക്കത്തിലിരിക്കുന്ന പലിശത്തുക പൂര്‍ണമായി അടച്ചുതീര്‍ക്കാത്ത കേസുകള്‍.
പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യേണ്ടതാണ്:
നിയമത്തിലെ സെക്ഷന്‍ 7Q / കോഡിലെ സെക്ഷന്‍ 127 പ്രകാരം വീഴ്ച വരുത്തിയ കാലയളവിലേക്ക് അടയ്‌ക്കേണ്ട മുഴുവന്‍ പലിശത്തുകയും ഇതിനകം ഒടുക്കിയില്ലെങ്കില്‍ അത് പൂര്‍ണമായി അടച്ചുതീര്‍ക്കണം. പദ്ധതിക്ക് യോഗ്യത നേടുന്നതിനുള്ള നിര്‍ബന്ധിത വ്യവസ്ഥയാണിത്.
https://unifiedportal-emp.epfindia.gov.in എന്ന ലിങ്ക് വഴി EPFO എംപ്ലോയര്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ‘വിശ്വാസ്’ മൊഡ്യൂള്‍ തിരഞ്ഞെടുക്കുക.
ആവശ്യമായ രേഖകള്‍ സഹിതം അതോറിറ്റി ഒപ്പുവെച്ച ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഇ-സൈന്‍ ഉപയോഗിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക.
അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഒരു പ്രത്യേക അപ്ലിക്കേഷന്‍ ഐഡി ലഭിക്കും. പുതുക്കിയ പിഴത്തുക ബന്ധപ്പെട്ട മേഖലാ ഓഫീസ് വഴി ഇലക്ട്രോണിക് സംവിധാനത്തിലൂടെ അറിയിക്കും.
വിവരം അറിയിച്ച് 15 ദിവസത്തിനകം പുതുക്കിയ തുക നിക്ഷേപിക്കണം.
മുഴുവന്‍ തുകയും അടച്ചുതീര്‍ക്കുന്ന മുറയ്ക്ക് ഓഫീസില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. നിലവിലെ തര്‍ക്കം പൂര്‍ണമായും അന്തിമമായും അവസാനിപ്പിക്കുന്നതിനായി കോടതിയിലോ സിജിഐടിയിലോ കെട്ടിക്കിടക്കുന്ന കേസ് പിന്‍വലിക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം.
നിശ്ചിത സമയപരിധിയ്ക്കകം പദ്ധതി പ്രയോജനപ്പെടുത്താത്ത പക്ഷം സാധാരണ നിരക്കിലെ പിഴത്തുക ഈടാക്കല്‍, ആര്‍ആര്‍സി നടപടികള്‍, മറ്റ് നിയമപരമായ പ്രത്യാഘാതങ്ങള്‍ എന്നിവ ഉള്‍പ്പെടെ യഥാര്‍ത്ഥ നടപടികള്‍ നിയമപ്രകാരം തുടരും.






