
ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.80 ശതമാനമായി കുറഞ്ഞുവെന്ന് സെന്റർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ ഇക്കോണമി കണക്കുകൾ. മൺസൂൺ കാലത്ത് കൂടുതൽ പേർ കൃഷിയിലേയ്ക്ക് തിരിഞ്ഞതോടെയാണ് ആറുമാസത്തെ കുറഞ്ഞ നിരക്കിലേയ്ക്ക് തൊഴിലില്ലായ്മ നിരക്ക് എത്തിയത്.
ജൂൺ മാസത്തെ നിരക്ക് 7.8 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് 6.14 ആയി കുറഞ്ഞപ്പോൾ 272.1 മില്യൺ ആളുകളാണ് തൊഴിൽ രഹിതരെന്ന് സി. എം. ഐ. ഇ കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ മാസത്തെ ഈ കണക്കുകൾ യഥാക്രമം 8.03 ശതമാനവും 265.2 മില്യണുമായിരുന്നു.
അതേസമയം നഗരമേഖലയിലെ തൊഴിലില്ലായ്മ നിരക്ക് 8.21 ശതമാനമായി ഉയർന്നു. സർക്കാർ, വ്യവസായ മേഖലകളിലെ തൊഴിലവസരങ്ങളിൽ വലിയ ഇടിവുവന്നതോടെയാണിത്. ജൂണിലെ ഈ നിരക്ക് 7.80 ശതമാനമായിരുന്നു.