
തിരുവനന്തപുരം: യുഎസിലെ എച്ച്1ബി വീസ നിരക്ക് കുത്തനെ കൂട്ടിയത് കേരളത്തിലെ ഐടി പാർക്കുകളിലും ആശങ്ക സൃഷ്ടിക്കുന്നു. നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ നടപ്പാക്കുന്നതിനു പിന്നാലെ പല കമ്പനികളിലും ജീവനക്കാരെ കുറയ്ക്കാൻ നീക്കം നടക്കുന്നു.
ഒപ്പം ഇതു കൂടിയാകുമ്പോൾ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഐടി മേഖലയിലുള്ളവർ പറയുന്നു.
പല കമ്പനികളും പുതിയ പ്രോജക്ട് ഏറ്റെടുക്കുന്നതിനു മുന്നോടിയായി യുഎസിൽ ഓൺസൈറ്റ് അസൈൻമെന്റുകൾ ജീവനക്കാർക്കു നൽകാറുണ്ട്. അത് സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചെയ്യുന്നതാണ്. പല കരാറുകളിലും ഈ സേവനം നിർബന്ധവുമാണ്.
കേരളത്തിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം ഐടി കമ്പനികളും യുഎസ് കമ്പനികൾക്ക് ഐടി സേവനം നൽകുന്നവയാണ്. യുഎസിൽ നിന്നുള്ള പ്രോജക്ടുകൾ കുറയുന്നതോടെ ജീവനക്കാരെ നിലനിർത്താൻ കഴിയാതെ പിരിച്ചുവിട്ടേക്കുമെന്ന ആശങ്കയുണ്ട്.
യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചുരുക്കം സ്ഥാപനങ്ങളെ ഈ പ്രതിസന്ധി സാരമായി ബാധിക്കില്ല.