
മലയാള സിനിമകളുടെ ഒടിടി മാര്‍ക്കറ്റ് സമീപ മാസങ്ങളില്‍ വലിയ ഇടിവ് നേരിട്ടതായി നിരവധി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സിനിമാ മേഖലയില്‍ ഉള്ളവരും ഇക്കാര്യം സമ്മതിച്ചിരുന്നു.
മലയാളത്തില്‍ നിന്നുള്ള അപൂര്‍വ്വം സിനിമകള്‍ക്ക് മാത്രമേ നിലവില്‍ ഭേദപ്പെട്ട ഡീല്‍ ലഭിക്കുന്നുള്ളൂ. എന്നാല്‍ അങ്ങനെ ഒടിടി ഗേറ്റ് ഓപണ്‍ ആയ ചില ചിത്രങ്ങള്‍ മികച്ച പ്രകടനവും കാഴ്ച വെക്കുന്നുണ്ട്. ആ നിരയിലേക്ക് ഒടുവില്‍ എത്തിയിരിക്കുന്ന ചിത്രം മോഹന്‍ലാല്‍ നായകനായ തുടരും ആണ്.
ഏപ്രില്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പലതും തകര്‍ത്ത ചിത്രം മെയ് 30 നാണ് ഒടിടിയില്‍ എത്തിയത്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ജിയോ ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു സ്ട്രീമിംഗ്.
ജൂണ്‍ 2 മുതല്‍ 8 വരെയുള്ള വാരത്തില്‍ ഒടിടിയിലൂടെ ഇന്ത്യയില്‍ പ്രേക്ഷകര്‍ ഏറ്റവുമധികം കണ്ട സിനിമകളില്‍ രണ്ടാം സ്ഥാനത്താണ് തുടരും. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടിരിക്കുന്ന ലിസ്റ്റില്‍ ആണ് തുടരുമിന്‍റെ ഈ നേട്ടം വ്യക്തമാക്കിയിരിക്കുന്നത്.
തമിഴ് ചിത്രങ്ങളായ റെട്രോ, ടൂറിസ്റ്റ് ഫാമിലി, ഹിന്ദി ചിത്രം ഭൂല്‍ ചുക് മാഫ് എന്നിവയെ മറികടന്നാണ് തുടരും നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ജൂണ്‍ 2 മുതല്‍ 8 വരെയുള്ള ആഴ്ചയില്‍ നേടിയ കാഴ്ചകളുടെ എണ്ണത്തില്‍ ഒരു സിനിമ മാത്രമാണ് തുടരുമിന് മുന്നില്‍ ഉള്ളത്.
അത് നാനി നായകനായ തെലുങ്ക് ചിത്രം ഹിറ്റ് 3 ആണ്. നെറ്റ്ഫ്ലിക്സിലൂടെ എത്തിയ ഹിറ്റ് 3 57 ലക്ഷം കാഴ്ചകള്‍ നേടിയപ്പോള്‍ തുടരും തൊട്ടുപിന്നില്‍ ഉണ്ട്. 56 ലക്ഷം കാഴ്ചകള്‍.
നെറ്റ്ഫ്ലിക്സിലൂടെ എത്തിയ റെട്രോയ്ക്ക് 48 ലക്ഷം കാഴ്ചകളാണ് ലഭിച്ചിരിക്കുന്നതെങ്കില്‍ ഹോട്ട്സ്റ്റാറിലൂടെത്തന്നെ എത്തിയിരിക്കുന്ന ടൂറിസ്റ്റ് ഫാമിലിക്ക് 44 ലക്ഷം കാഴ്ചകളാണ് ലഭിച്ചിരിക്കുന്നത്.
ജൂണ്‍ 6 ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ എത്തിയ ഭൂല്‍ ചുക് മാഫിന് 40 ലക്ഷം കാഴ്ചകളും ലഭിച്ചിട്ടുണ്ട്.
ഒരു ചിത്രം ഏറ്റവും ചുരുങ്ങിയത് അര മണിക്കൂര്‍ എങ്കിലും കണ്ട പ്രേക്ഷകരുടെ കണക്കാണ് ഇതെന്ന് ഓര്‍മാക്സ് മീഡിയ പറയുന്നു. 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന മോഹന്‍ലാലിന്‍റെ രണ്ടാമത്തെ ചിത്രമാണ് തുടരും.