ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

നെൽപ്പാടത്ത് വിത്ത് വിതയ്ക്കാൻ ഡ്രോൺ സജ്ജമാക്കി കാർഷിക സർവകലാശാല

കൊച്ചി: പാടത്തെ ചെളിയും വെള്ളവും ഇനി വിത്ത് വിതയ്ക്കാൻ ഒരു തടസ്സമല്ല. കുമ്പളങ്ങി പാടത്ത് ഡ്രോൺ വിജയകരമായി പരീക്ഷിച്ച് കേരള കാർഷിക സർവകലാശാല. പൊക്കാളി പോലുള്ള പാടങ്ങളിൽ വിത്ത് വിതയ്ക്കുന്നതിൽ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പാടത്തെ ചെളിയും വെള്ളക്കെട്ടും. ലോക ബാങ്കിന്റെ ധനസഹായത്തോടെയുള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കാർഷിക സർവകലാശാല ഡ്രോൺ സാങ്കേതികവിദ്യയിലൂടെ  ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുന്നത്.

കാർഷിക സർവകലാശാലയും കൃഷിവകുപ്പും, സർവകലാശാല ഇൻക്യുബേഷൻ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന പുതുതലമുറ സ്റ്റാർട്ടപ്പായ ഫ്യൂസിലേജ് ഇന്നോവേഷനും സംയുക്തമായാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. ഏകദേശം 10 കിലോഗ്രാം വിത്ത് വിതയ്ക്കാൻ ശേഷിയുള്ള ഡ്രോൺ ആണ് പരീക്ഷണ അടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. മുള പൊട്ടി തുടങ്ങിയ പാകത്തിലുള്ള വിത്തുകളാണ് ഡ്രോൺ സാങ്കേതികവിദ്യയിൽ ഏറെ അഭികാമ്യം. ഒരു ഏക്കർ പാടത്ത് വിത്ത് വിതയ്ക്കുന്നതിനായി ഏകദേശം 20 മുതൽ 25 മിനിറ്റ് സമയം മാത്രമാണ് ഡ്രോണിന് വേണ്ടി വരുന്നത്.

സാധാരണ രീതിയിൽ ഒരു ഏക്കറിൽ വിത്ത് വിതയ്ക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ 10 കിലോഗ്രാം വരെ വിത്ത് ലാഭിക്കാനും കൂടുതൽ ഏകീകൃതമായ വളർച്ച ഉറപ്പുവരുത്തുവാനും ഇതിലൂടെ സാധിക്കും. ഡ്രോണിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ ആവശ്യമായ സമയം ഇനിയും ലഘൂകരിക്കുകയും ചെയ്യാനാകും. കൂടുതൽ ശേഷിയുള്ള ഡ്രോണിനായുള്ള പരീക്ഷണങ്ങൾ നടന്നുവരികയാണ്. സാങ്കേതികവിദ്യകളുടെ പ്രയോഗത്തിലൂടെ നെൽകൃഷി മേഖലയിലെ കർഷകരുടെ അധ്വാനഭാരം കുറയ്ക്കുന്നതിനുള്ള സർവകലാശാലയുടെ പ്രയത്നങ്ങളുടെ ഭാഗമായാണ് വിത്ത് വിതയ്ക്കുന്നതിനുള്ള ഡ്രോണുകൾ ഈ മേഖലയിൽ പരീക്ഷിക്കുന്നതെന്ന് കാർഷിക സർവകലാശാല അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ മേധാവി ഡോ. കെ പി സുധീർ വ്യക്തമാക്കി.

X
Top