
മുംബൈ: പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ തുണിത്തര മേഖല കുതിക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ രാജ്യത്തിന്റെ തുണിത്തര കയറ്റുമതി 29,700 കോടി രൂപ കടന്നതായി കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 25,600 കോടി രൂപയായിരുന്നു കയറ്റുമതി. ഒരു വര്‍ഷം കൊണ്ട് 16.1 ശതമാനത്തിന്റെ വന്‍ വളര്‍ച്ചയാണ് ഈ മേഖല കൈവരിച്ചത്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തെ കണക്കെടുത്താല്‍ നേട്ടം ഇരട്ടിയാണ്. ഈ കാലയളവില്‍ മൊത്തം 1.40 ലക്ഷം കോടി രൂപയുടെ തുണിത്തരങ്ങള്‍ ഇന്ത്യ ലോക വിപണിയിലെത്തിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10.3 ശതമാനം വളര്‍ച്ച. തുടര്‍ച്ചയായ അഞ്ച് മാസവും മികച്ച പ്രകടനം നിലനിര്‍ത്താന്‍ കഴിഞ്ഞത് മേഖലയുടെ തിരിച്ചുവരവിന് തെളിവാണ്.
ഇന്ത്യന്‍ തുണിത്തരങ്ങളുടെ മത്സരശേഷി വര്‍ധിച്ചതാണ് ഈ കുതിപ്പിന് പിന്നിലെന്ന് മന്ത്രാലയം വ്യക്തമാക്കി.
പരമ്പരാഗത വിപണികള്‍ക്കൊപ്പം പുതിയ രാജ്യങ്ങളിലേക്കും ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങളിലേക്കും കയറ്റുമതി വ്യാപിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കായി. ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണവും ഗുണനിലവാരവുമാണ് ആഗോള വിപണിയില്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നത്. മെച്ചപ്പെട്ട വിപണി പ്രവേശനവും കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ ഇടപെടലുകളും വളര്‍ച്ചയ്ക്ക് കരുത്തായി. മൂല്യവര്‍ധനവിനും പുതിയ വിപണികള്‍ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ ഫലം കണ്ടു. ഈ പോസിറ്റീവ് ട്രെന്‍ഡ് വരും മാസങ്ങളിലും തുടരുമെന്നും ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍സ് മേഖല ലോകത്ത് കൂടുതല്‍ ശക്തമാകുമെന്നും വ്യവസായ രംഗം പ്രതീക്ഷിക്കുന്നു.






