
തിരുവനന്തപുരം: അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ടെക്നോപാര്‍ക്കിന്‍റെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയായ ‘ടെക് എ ബ്രേക്ക്’ വീണ്ടും സജീവമാകുന്നു. ഇതിന്‍റെ ഭാഗമായി ടെക്നോപാര്‍ക് ഫേസ് വണ്‍ കാംപസില്‍ നടന്ന മോട്ടോര്‍ റാലിയില്‍ ബൈക്കുകള്‍, കാറുകള്‍, ജീപ്പുകള്‍, എന്നിവയുള്‍പ്പെടെയുള്ള നൂറിലധികം വാഹനങ്ങള്‍ അണിനിരന്ന റാലി നടന്നു. ‘എറര്‍ 404-ക്രിയേറ്റിവിറ്റി ഫൗണ്ട്’ എന്നതാണ് ടെക് എ ബ്രേക് 2025-ന്‍റെ പ്രമേയം.
ഐടി പ്രൊഫഷണലുകള്‍ക്ക് തങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ മത്സരങ്ങളിലൂടെയും കലാപ്രകടനങ്ങളിലൂടെയും അവതരിപ്പിക്കാന്‍ അവസരം ഒരുക്കുന്നതാണ് പരിപാടി. മോട്ടോര്‍ റാലിക്ക് ശേഷം ടെക്നോപാര്‍ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജി ടെക് സെക്രട്ടറിയും ടാറ്റാ എല്‍ക്സി സെന്‍റര്‍ ഹെഡുമായ ശ്രീകുമാര്‍ വി, എആര്‍എസ് ട്രാഫിക് ആന്‍ഡ് ടെക്നോളജീസ് എംഡി മനീഷ് വിഎസ്, എക്സ്പീരിയന്‍ സിഇഒ ബിനു ജേക്കബ്, വേ ഡോട്ട് കോം വൈസ് പ്രസിഡന്‍റ് പി ബാലഗോപാല്‍ കെഎസ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ, അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് (അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) അഭിലാഷ് ഡി എസ്, ടെക്നോപാര്‍ക്ക്, നടാന, ജിടെക് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും വോളന്‍റിയര്‍മാരും ഐടി പ്രൊഫഷണലുകളും ചടങ്ങില്‍ പങ്കെടുത്തു.
ഹാക്കത്തോണ്‍, ക്വിസ്, പെയിന്‍റിംഗ്, ടെക് പ്രേമികള്‍ക്കുള്ള സൈബര്‍ സെക്യൂരിറ്റി മത്സരമായ ക്യാപ്ചര്‍ ദി ഫ്ളാഗ്, ട്രഷര്‍ ഹണ്ട്, ഷോര്‍ട്ട് ഫിലിം, കോമഡി സ്കിറ്റ്, മ്യൂസിക് ബാന്‍ഡ്, ഫാഷന്‍ ഷോ, ഡാന്‍സ് തുടങ്ങി നിരവധി പരിപാടികളും മത്സരങ്ങളും ‘ടെക് എ ബ്രേക്ക് 2025’ ന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ടെക്നോപാര്‍ക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനും ഒരുമിച്ച് കൂടാനുമുള്ള വേദി കൂടിയാണിത്.






