
ന്യൂഡല്‍ഹി: ആഗോള തലത്തില്‍ രണ്ട് ശതമാനം തൊഴില്‍ ശക്തി കുറയ്ക്കാനുള്ള തീരുമാനം കൃത്രിമ ബുദ്ധി (എഐ)യുടെ സ്വാധീനത്താലല്ലെന്ന് വ്യക്തമാക്കി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ചീഫ് എക്‌സിക്യുട്ടീവ് കെ കൃതിവാസന്‍. മറിച്ച് ജീവനക്കാരെ പുനര്‍വിന്യസിക്കാനുള്ള പരിമിതിയാണ് ഇതിന് പിന്നില്‍. ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
നൈപുണ്യത്തിന്റെ പരിമിതി കാരണം ജീവനക്കാരെ പുനര്‍വിന്യസിക്കാനാകില്ലെന്ന് മനസ്സിലാക്കിയതിനാലാണ് തീരുമാനം. എഐ 20 ശതമാനത്തോളം ഉത്പാദനക്ഷമതാ നേട്ടങ്ങള്‍ തരുന്നുവെന്ന റിപ്പോര്‍ട്ട് തള്ളിയ കൃതിവാസന്‍ ഉയര്‍ന്ന നൈപുണ്യമുള്ള വ്യക്തികളെ റിക്രൂട്ട് ചെയ്യുന്നത് കമ്പനി തുടരുമെന്നും അറിയിച്ചു.
ദീര്‍ഘകാലമായി ബെഞ്ചില്‍ തുടരുന്ന ചില എന്‍ട്രി ലെവല്‍ അസോസിയേറ്റുകളെ ഒഴികെ, മധ്യ, മുതിര്‍ന്ന തലത്തിലുള്ള ജീവനക്കാരെയാണ് ജോലി വെട്ടിക്കുറവ് ബാധിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
കമ്പനി ഏകദേശം 550,000 പേരെ പ്രാരംഭ ഒഴിവുകളിലേയ്ക്കും 100,000 പേരെ കൂടുതല്‍ ഉയര്‍ന്ന നിലവാരമുള്ള സ്‌ക്കില്‍ ആവശ്യമുള്ള ഒഴുവുകളിലേയ്ക്കുമാണ് പരിശീലിപ്പിച്ചിട്ടുള്ളത്. എന്നാല്‍ സീനിയറായ വ്യക്തിയെ പിന്നീട് എന്‍ട്രി ലെവലില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.
നോട്ടീസ് പിരീഡ് ശമ്പളവും അധിക സെവറന്‍സ് പാക്കേജും നല്‍കുമെന്നും ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ബാധിക്കപ്പെട്ട ജീവനക്കാര്‍ക്ക് ഔട്ട്പ്ലേസ്മെന്റ് അവസരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.