
മുംബൈ: ടാറ്റ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനാകില്ലെന്ന നിലപാടിലുറച്ച് ടാറ്റ ട്രസ്റ്റ്സ്. ടാറ്റ സൺസിൻ്റെ പുനസംഘടന വേണം എന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ടാറ്റ ട്രസ്റ്റ്‌സല്ല ടാറ്റ സൺസിനെ നിയന്ത്രിക്കുന്നത്’ എന്നും നോയൽ ടാറ്റയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിമാർ പരസ്യമായി പറയുകയാണ്.
ടാറ്റ സൺസിന്റെ പുനസംഘടനയുമായി ബന്ധപ്പെട്ട് ടാറ്റ ട്രസ്റ്റ്സിലെ രണ്ട് മുതിർന്ന ട്രസ്റ്റിമാർ ഉന്നയിച്ച എതിർപ്പുകൾ മറ്റ് ട്രസ്റ്റിമാർ തള്ളി. ടാറ്റ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന് ആർബിഐ നിർബന്ധമായി ആവശ്യപ്പെട്ടിട്ടില്ലെന്നും പുനസംഘടനയുമായി മുന്നോട്ട് പോകണമെന്നും അവർ പറയുന്നു. ടാറ്റ സൺസിൽ പുനസംഘടന കൊണ്ടുവന്നാലും ട്രസ്റ്റുകളുടെ ജീവകാരുണ്യ പ്രവർത്തന പദവിയിൽ മാറ്റമുണ്ടാകില്ല എന്നാണ് സൂചന.
നേതൃത്വത്തെച്ചൊല്ലി പുതിയ തർക്കം
ടാറ്റ ട്രസ്റ്റ്‌സിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളിൽ തുടങ്ങി, ഗ്രൂപ്പിന്റെ പ്രധാന ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിൻ്റെ ഭരണരീതിയെയും ഘടനയെയും കുറിച്ചുള്ള ചോദ്യങ്ങളാണ് രാജ്യം കണ്ട ഏറ്റവും വലിയ കോർപ്പറേറ്റ് തല തർക്കങ്ങളിൽ ഒന്നിൻ്റെ കേന്ദ്രമായി ടാറ്റ ഗ്രൂപ്പിനെ മാറ്റുന്നത്. ടാറ്റ സൺസിന്റെ ചെയർമാനായി എൻ. ചന്ദ്രശേഖരനെ വീണ്ടും നിയമിച്ചതും തർക്കങ്ങൾ കൂടുതൽ വഷളാക്കി.
സെപ്റ്റംബർ 17-ന് ചേർന്ന യോഗത്തിൽ, ടാറ്റ സൺസിന്റെ ഏകദേശം 66 ശതമാനം ഓഹരികൾ കൈവശം വച്ചിരിക്കുന്ന ടാറ്റ ട്രസ്റ്റ്‌സിന്റെ ചെയർമാനായ നോയൽ ടാറ്റയുടെ എതിർപ്പ് അവഗണിച്ചുകൊണ്ട്, ചന്ദ്രശേഖരന് അഞ്ച് വർഷത്തെ അധിക കാലാവധി കൂടി നൽകാൻ ടാറ്റ സൺസ് ബോർഡ് അംഗീകാരം നൽകുകയായിരുന്നു.
വിഷയത്തിൽ ഇടപെടാനാകാതെ സർക്കാർ
യോഗ നടപടികളും തീരുമാനത്തിനാധാരമായ കാര്യങ്ങളും പരിശോധിക്കുന്നതിനായി നോയൽ ടാറ്റ യോഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും മിനിറ്റ്‌സും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം, ടാറ്റ ട്രസ്റ്റ്‌സും ടാറ്റ സൺസ് ബോർഡും തമ്മിലുള്ള അവകാശങ്ങളെയും ചുമതലകളെയും കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾക്കും ഹോൾഡിംഗ് കമ്പനിയുടെ നേതൃത്വത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കും ആക്കം കൂട്ടി. വിഷയത്തിൽ ഇടപെടാനാകാത്ത സ്ഥിതിയിലാണ് സർക്കാർ.
സെമികണ്ടക്ടർ, ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്ന 14 ബില്യൺ ഡോളറിന്റെ നിക്ഷേപം ഇന്ത്യയെ സംബന്ധിച്ച് നിർണായകവുമാണ്. ഗ്രൂപ്പിലെ നേതൃത്വ തർക്കം സർക്കാരും നിരീക്ഷിച്ചുവരികയാണെങ്കിലും ഗ്രൂപ്പിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിനുമാകില്ല.
നിക്ഷേപങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം തർക്കം പരിഹരിക്കാനുള്ള ഉത്തരവാദിത്തം ടാറ്റ ഗ്രൂപ്പിന് വിട്ടുകൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്.
ചൈന, തായ്‌വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ നിർമ്മാണ ശേഷി കൈവരിച്ചിട്ടുള്ള മേഖലകളിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ടാറ്റ ഗ്രൂപ്പിൻ്റെ പുതിയ നിക്ഷേപ പദ്ധതികൾ നിർണ്ണായകമാണ്.
രത്തൻ ടാറ്റയുടെ മരണശേഷം ടാറ്റ ട്രസ്റ്റുകൾക്കുള്ളിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ടാറ്റയിലെ ഉന്നത നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. ഇരുവിഭാഗങ്ങളും അഭിപ്രായവ്യത്യാസങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന നിലപാടാണ് സർക്കാരിനും.






