
ജാര്‍ഖണ്ഡിലെ പദ്ധതികള്‍ക്കായി 2028ഓടെ 10,000 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി ടാറ്റ സ്റ്റീല്‍. ഈ നിക്ഷേപത്തിലൂടെ നേരിട്ടും പരോക്ഷമായും 2,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
നിലവിലെ 27.35 മില്യണ്‍ ടണ്‍ പ്രതിവര്‍ഷ ഉല്‍പ്പാദന ശേഷി ഉയര്‍ത്തി ഇന്ത്യയിലെ സ്റ്റീല്‍ നിര്‍മ്മാണ ശേഷി 40 എംടിപിഎ ആക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ശേഷി വര്‍ധനയ്‌ക്കൊപ്പം കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളല്‍ ഉള്ള സ്റ്റീല്‍ നിര്‍മ്മാണ സാങ്കേതികവിദ്യകളിലേക്ക് മാറാനും പദ്ധതിയിടുന്നു. ജാര്‍ഖണ്ഡ് പദ്ധതികളിലെ മൊത്തം നിക്ഷേപത്തില്‍ 7,000 കോടി രൂപ, 2028 ഓടെ ഈസ് മെല്‍റ്റിങ് ടെക്‌നോളജിക്കായി വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.
ടാറ്റ സ്റ്റീല്‍ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ മേധാവി സര്‍വേഷ് കുമാര്‍ പറയുന്നതനുസരിച്ച്, ടിന്‍ പ്ലേറ്റ് ഡിവിഷന്‍ വികസനത്തിന് 2,600 കോടി രൂപയും മില്‍ പദ്ധതിക്ക് 1,500 കോടി രൂപയും നിക്ഷേപിക്കും.
ടാറ്റ സ്റ്റീല്‍ വികസിപ്പിച്ച പേറ്റന്റ് സാങ്കേതികവിദ്യയായ, കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളലുള്ള ഇരുമ്പ് നിര്‍മ്മാണ മാര്‍ഗമാണ് ഹിസരണ. ഇത് പരമ്പരാഗത കോക്ക്, സിന്റര്‍, പെല്ലറ്റ് പ്ലാന്റുകള്‍ ഇല്ലാതെ നേരിട്ട് ഇരുമ്പ് നിര്‍മ്മിക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. നെതര്‍ലന്‍ഡ്‌സിലെ ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ കഴിഞ്ഞ 10 വര്‍ഷമായി ഈ സാങ്കേതിക വിദ്യ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ പ്രതിവര്‍ഷം 60,000 ടണ്‍ ഉല്‍പ്പാദനം നടക്കുന്നതായും കമ്പനി അറിയിച്ചു.
ജംഷഡ്പൂര്‍ പ്ലാന്റ് പരിസരത്ത് നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി 1 മില്യണ്‍ ടണ്‍ ശേഷിയുള്ള പൈലറ്റ് പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതി. ഇതിനായുള്ള എഞ്ചിനീയറിംഗ് പഠനം ആരംഭിച്ചതായും കമ്പനി അറിയിച്ചു.
പദ്ധതിയുടെ നേട്ടങ്ങള്‍
ഇന്ത്യയില്‍ ലഭ്യമായ കോക്കിങ് കോള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ സൗകര്യം
ഇറക്കുമതി ചെയ്യുന്ന കോക്കിംഗ് കോളിനെ ആശ്രയിക്കുന്നത് കുറയ്ക്കാനാകും
അസംസ്‌കൃത വസ്തുക്കളുടെ ചെലവ് കുറയ്ക്കാന്‍ സഹായിക്കും
പരമ്പരാഗത സ്റ്റീല്‍ പ്ലാന്റുകളെ അപേക്ഷിച്ച് മൂലധന ചെലവ് കുറവായിരിക്കും
ബ്ലാസ്റ്റ് ഫര്‍ണസ് രീതിയേക്കാള്‍ ഏകദേശം 20% കുറവ് കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളല്‍
നിലവില്‍ ടാറ്റ സ്റ്റീലിന് ഇന്ത്യ, നെതര്‍ലന്‍ഡ്‌സ്, തായ്ലന്‍ഡ് എന്നിവിടങ്ങളിലായി മൊത്തം 36 എംടിപിഎയിലധികം സ്റ്റീല്‍ നിര്‍മ്മാണ ശേഷിയുണ്ട്. ഇതില്‍ ഇന്ത്യയില്‍ 27.35 എംടിപിഎ, നെതര്‍ലന്‍ഡ്‌സില്‍ 7 എംടിപിഎ, തായ്ലന്‍ഡില്‍ 1.7 എംടിപിഎ ശേഷിയാണുള്ളത്.
ദീര്‍ഘകാല ലക്ഷ്യമായി സ്റ്റീല്‍ നിര്‍മ്മാണ ശേഷി 50 മില്യണ്‍ ടണ്ണിന് മുകളിലേക്ക് ഉയര്‍ത്താനാണ് ടാറ്റ സ്റ്റീല്‍ ലക്ഷ്യമിടുന്നത്. ഇതില്‍ ഭൂരിഭാഗം വര്‍ധനയും ഇന്ത്യയിലായിരിക്കും. രാജ്യത്ത് അധികമായി 12 എംടിപിഎയിലധികം ശേഷി കൂട്ടാനുള്ള പദ്ധതികളിലാണ് കമ്പനി.






