
മുംബൈ: 2022 ജൂണിൽ അവസാനിച്ച പാദത്തിൽ ഏകീകൃത അറ്റാദായം 86.25 ശതമാനം വർധിച്ച് 637 കോടി രൂപയായതായി ടാറ്റ കെമിക്കൽസ് അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 342 കോടി രൂപയായിരുന്നുവെന്ന് ടാറ്റ കെമിക്കൽസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലെ 2,978 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ അവലോകന പാദത്തിൽ 34.15 ശതമാനം വർധിച്ച് 3,995 കോടി രൂപയായി ഉയർന്നു.
രാസവസ്തുക്കൾ, വിള സംരക്ഷണം, സ്പെഷ്യാലിറ്റി കെമിസ്ട്രി ഉൽപ്പന്നങ്ങൾ എന്നിവയിൽ താൽപ്പര്യമുള്ള ഒരു ഇന്ത്യൻ ആഗോള കമ്പനിയാണ് ടാറ്റ കെമിക്കൽസ് ലിമിറ്റഡ്. ഇന്ത്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ കെമിക്കൽ കമ്പനികളിലൊന്നാണ്.