
മുംബൈ: ടാറ്റ ക്യാപിറ്റല്‍ രണ്ടാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1097 കോടി രൂപയാണ് രേഖപ്പെടുത്തിയ സംയോജിത അറ്റാദായം. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 2 ശതമാനം അധികമാണിത്. അറ്റ പലിശ വരുമാനം(എന്‍ഐഐ) 23 ശതമാനം ഉയര്‍ന്ന് 2637 കോടി രൂപ. പുതിയതായി ഏറ്റെടുത്ത മോട്ടോര്‍ ഫിനാന്‍സ് ബിസിനസില്‍ നിന്നുള്ള വരുമാനം എന്‍ഐഐയില്‍ ഉള്‍പ്പെട്ടിട്ടില്ല.
മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തികള്‍ 22 ശതമാനം ഉയര്‍ന്ന് 2.15 ലക്ഷം കോടി രൂപയായപ്പോള്‍ മൊത്തം വരുമാനം 28 ശതമാനം ഉയര്‍ന്ന് 3330 കോടി രൂപ. ക്രെഡിറ്റ് ഗുണനിലവാരം ആരോഗ്യകരമായി തുടര്‍ന്നു. അതുകൊണ്ടുതന്നെ വാര്‍ഷിക ക്രെഡിറ്റ് ചെലവില്‍ 30 ബേസിസ് പോയിന്റ് കുറവുണ്ടായി.ശരാശരി നെറ്റ് ലോണ്‍ബുക്കിനെ അടിസ്ഥാനമാക്കിയ വാര്‍ഷിക പ്രവര്‍ത്തന ചെലവ് 2.4 ശതമാനത്തില്‍ നിന്നും 2.3 ശതമാനമായി മെച്ചപ്പെട്ടിട്ടുണ്ട്.
മോട്ടോര്‍ ഫിനാന്‍സ് ബിസിനസ്സ് വികസിക്കുകയാണെന്നും മാറ്റങ്ങളുടെ ഭാഗമായി ഒന്നിലധികം വാഹന ബ്രാന്‍ഡുകളുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഡിജിറ്റല്‍, ജെനറേഷന്‍ എഐ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തും. ടാറ്റ ഗ്രൂപ്പിലെ എന്‍ബിഎഫ്‌സിയായ (നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി) ടാറ്റ ക്യാപിറ്റല്‍ ഈയിടെയാണ് ഓഹരി ലിസ്റ്റ് ചെയ്തത്. 0.5 ശതമാനം ഉയര്‍ന്ന് 330.6 രൂപയിലായിരുന്നു ചൊവ്വാഴ്ച ഓഹരി ക്ലോസിംഗ്.





