
ഡൽഹി: റിയൽറ്റി സ്ഥാപനമായ ടാർക്ക് ലിമിറ്റഡ് 500 കോടി രൂപ മുതൽമുടക്കിൽ ദേശീയ തലസ്ഥാനത്ത് ഒരു പുതിയ ആഡംബര ഭവന പദ്ധതി വികസിപ്പിക്കുമെന്ന് അതിന്റെ സിഇഒ അമർ സരിൻ പറഞ്ഞു. ഡൽഹി, ഗുരുഗ്രാം, മനേസർ എന്നിവിടങ്ങളിലായി ടാർക്ക് ലിമിറ്റഡിന് ഏകദേശം 500 ഏക്കർ ഭൂമിയുണ്ട്.
ന്യൂഡൽഹിയിലെ ബിജ്വാസൻ റോഡിൽ സ്ഥാപിക്കുന്ന പുതിയ 3 ഏക്കർ പദ്ധതിയായ ‘TARC ത്രിപുന്ദ്ര’യിൽ 190 അപ്പാർട്ടുമെന്റുകൾ ഉൾപ്പെടും. തങ്ങൾ ഒരു പുതിയ ആഡംബര ഭവന പദ്ധതി ആരംഭിക്കുകയാണെന്നും. അതിൽ 3, 4 BHK വീടുകളുണ്ടാകുമെന്നും സരിൻ പിടിഐയോട് പറഞ്ഞു. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിലവിൽ ആരംഭിച്ചു. 2025-ഓടെ പദ്ധതി പൂർത്തിയാകും.
നാല് കോടി രൂപ മുതലാണ് ഈ അപ്പാർട്ടുമെന്റുകളുടെ വില. ഭൂമിയുടെ വില ഉൾപ്പെടെ ഏകദേശം 500 കോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കുന്ന ചിലവ്. നിർമ്മാണച്ചെലവ് ആന്തരിക ശേഖരണത്തിലൂടെയും ഉപഭോക്താക്കളിൽ നിന്നുള്ള അഡ്വാൻസിലൂടെയും കണ്ടെത്തുമെന്ന് സരിൻ പറഞ്ഞു.
ഏകദേശം 1000 കോടി രൂപയുടെ വിൽപ്പനയാണ് ഈ പദ്ധതിയിലൂടെ കമ്പനി പ്രതീക്ഷിക്കുന്നത്. അടുത്തിടെ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബെയിൻ ക്യാപിറ്റലിൽ നിന്ന് ടാർക്ക് ലിമിറ്റഡ് 1,330 കോടി രൂപ സുരക്ഷിത ദീർഘകാല നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളുടെ രൂപത്തിൽ സമാഹരിച്ചിരുന്നു. അടുത്ത ഒരു വർഷത്തിനുള്ളിൽ 4-5 ഭവന പദ്ധതികൾ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.