ആഗോള സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി കേരളംഇന്ത്യയുടെ വളര്‍ച്ച സുസ്ഥിരമെന്ന് റിസര്‍വ് ബാങ്ക്10 മാസത്തിനിടെ രാജ്യത്ത് 4,245 കോടി രൂപയുടെ സൈബർ തട്ടിപ്പുകൾചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നു

നെല്ലിന്റെ താങ്ങുവില: കേന്ദ്രം കേരളത്തിന് തരാനുള്ളത് 1,077.67 കോടി രൂപ

ആലത്തൂർ: സംസ്ഥാനത്തുനിന്ന് നെല്ലുസംഭരിച്ച്‌ അരിയാക്കി എഫ്.സി.ഐ.യിലേക്ക് കൈമാറിയ ഇനത്തില്‍ കേന്ദ്രസർക്കാർ കേരളത്തിന് അനുവദിക്കാനുള്ളത് 1,077.67 കോടി രൂപയാണെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.

ഡിസംബറില്‍ 73.34 കോടിയും ജനുവരിയില്‍ 215 കോടിയും അനുവദിച്ചതിനുശേഷമുള്ള കണക്കാണിതെന്നും മന്ത്രി വ്യക്തമാക്കി.

സംഭരിച്ച നെല്ല് അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്തതിന്റെ കണക്ക് നല്‍കുന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം താങ്ങുവില അനുവദിക്കുന്നത്.

മുൻകാലങ്ങളില്‍ കണക്കിലെ അവ്യക്തതമൂലം താങ്ങുവില കിട്ടാൻ വൈകിയിരുന്നു. എന്നാല്‍, ഭക്ഷ്യമന്ത്രിയുടെ ഇടപെടലിലൂടെ ഈ പ്രശ്നം വലിയൊരളവുവരെ പരിഹരിക്കാനായെന്ന് മന്ത്രി പ്രസാദ് പറഞ്ഞു.

സംസ്ഥാനസർക്കാർ നെല്ലുസംഭരണത്തിനായി സപ്ലൈകോയ്ക്ക് 225 കോടി രൂപ അനുവദിച്ചതില്‍ മൂന്ന് ഗഡുക്കളായി 150 കോടിരൂപ കൈമാറി. 75 കോടികൂടി കിട്ടാനുണ്ട്. ഒന്നാംവിള നെല്ലുവില വിതരണം പുരോഗമിക്കുന്നത് ഈ തുക ഉപയോഗിച്ചാണ്.

നിലവില്‍ ഡിസംബർ 15വരെ സ്ഥിരീകരിച്ച നെല്ലുകൈപ്പറ്റ് രസീതുകള്‍ക്കാണ് (പി.ആർ.എസ്.) സപ്ലൈകോ വിലയനുവദിക്കുന്നത്.

27,908 കർഷകർക്ക് 178.92 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 90 കോടിരൂപ എസ്.ബി.ഐ., കനറാബാങ്ക് ശാഖകളിലൂടെ കർഷകർ കൈപ്പറ്റി.

ഡിസംബർ 15നുശേഷം സ്ഥിരീകരിച്ച 6,000 പി.ആർ.എസുകളാണുള്ളത്. ഇവർക്ക് തുകനല്‍കാൻ 35 കോടികൂടി വേണ്ടിവരും.

കൂടുതല്‍ കർഷകർ നെല്ലുവില വായ്പയായി കൈപ്പറ്റുന്നതോടെ സപ്ലൈകോയുടെ ബാങ്കുകളിലെ വായ്പാപരിധി കവിയും. നെല്ലുവിലവിതരണം നിർത്തിവെക്കേണ്ട സാഹചര്യം ഉണ്ടാകും.

കേന്ദ്രം താങ്ങുവിലയായി നല്‍കാനുള്ള തുകയില്‍ അടുത്തഗഡു ഉടൻ ലഭിച്ചെങ്കിലേ ഈ സാഹചര്യം ഒഴിവാക്കാനാവൂ. സംസ്ഥാനസർക്കാർ സപ്ലൈകോയ്ക്ക് അനുവദിച്ച 225 കോടിയില്‍ ലഭിക്കാനുള്ള 75 കോടി കിട്ടിയാല്‍ താത്കാലിക പരിഹാരമാകും.

X
Top