
തിരുവനന്തപുരം: അയർലൻഡ് ആസ്ഥാനമായുള്ള സെമി കണ്ടക്ടർ നിർമാണ കമ്പനിയായ ട്രാസ്നയുടെ പുതിയ ഓഫീസ് ടെക്നോസിറ്റിയിൽ തുറന്നു. വ്യവസായമന്ത്രി പി. രാജീവ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. സെമികണ്ടക്ടർ നിർമാണമേഖലയിലെ കേരളത്തിലെ ആദ്യത്തെ കമ്പനിയാണിത്.
പള്ളിപ്പുറം ടെക്നോസിറ്റി കാമ്പസിലെ കബനി കെട്ടിടത്തിലാണു ട്രാസ്നയുടെ ഓഫീസ് പ്രവർത്തിക്കുക.
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ എസ്. ഹരി കിഷോർ, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള രജിസ്ട്രാർ പ്രഫ എ. മുജീബ് എന്നിവർ പങ്കെടുത്തു.
കേരളത്തിൽനിന്നു സെമികണ്ടക്ടർ ചിപ്പുകൾ നിർമിക്കാൻ പദ്ധതിയിടുന്നുവെന്നും ഇതിനായി കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി ചേർന്നു പ്രവർത്തിക്കുമെന്നും ട്രാസ്ന ടെക്നോളജീസ് സൊല്യൂഷൻസ് ഗ്രൂപ്പ് സിഇഒ സ്റ്റെഫാൻ ഫണ്ട് പറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളിൽ പ്രവർത്തനങ്ങൾ ആരംഭിക്കും. വരുംവർഷങ്ങളിൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിംഗും നിർമാണ സൗകര്യവും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിരം കാമ്പസ് നിർമാണം പുരോഗമിക്കുമ്പോൾ തന്നെ ലാബുകൾ സ്ഥാപിച്ച് കബനി കെട്ടിടത്തിലെ താത്കാലിക സംവിധാനത്തിൽ ട്രാസ്ന പ്രവർത്തനം തുടങ്ങും. രണ്ടേക്കർ സ്ഥലത്ത് ഒരുങ്ങുന്ന ട്രാസ്ന ടെക്നോസിറ്റിയിലെ ആദ്യത്തെ വലിയ നിക്ഷേപമാണ്. ഇതിന്റെ ആദ്യഘട്ട ബ്ലോക്കിന്റെ നിർമാണം ജനുവരിയിൽ ആരംഭിക്കും.
രണ്ടു ലക്ഷം ചതുരശ്ര അടിയിലാണിത്. 2025 ഡിസംബറിൽ പ്രവർത്തനക്ഷമമാകുമെന്നാണു വിലയിരുത്തൽ. തുടക്കത്തിൽ 500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് ട്രാസ്ന പ്രതീക്ഷിക്കുന്നു.






